ശാസ്താംകോട്ട കായല്‍ ദുരന്തത്തിന് ഇന്ന് 42 ആണ്ട്
ശാസ്താംകോട്ട: മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച ശാസ്താംകോട്ട കായല്‍ദുരന്തം നടന്നിട്ട് 42 ആണ്ട്. 1982 ജനുവരിയില്‍ മകരപ്പൊങ്കലിന്റെ തലേദിവസം ശാസ്താംകോട്ട കായലില്‍ വള്ളംമുങ്ങി 24 പേർ മരിച്ച സംഭവമാണ് ശാസ്താംകോട്ടകായല്‍ ദുരന്തം.
ശാസ്താംകോട്ട ചന്തയിലെത്തി സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ക്ഷേത്രദർശനം നടത്തുന്നതിനും എത്തിയ പടിഞ്ഞാറേകല്ലട സ്വദേശികളായ 24പേരില്‍ 22പേരും പടി.കല്ലടയിലെ വിളന്തറ ദേശക്കാരായിരുന്നു. ശാസ്താംകോട്ട അമ്ബലക്കടവില്‍നിന്ന് പടി.കല്ലടയിലെ വെട്ടോലിക്കടവിലേക്ക് കടത്ത് വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ കയറി. കടത്തുകാർ മുന്നറിയിപ്പ് നല്‍കിയിട്ടും ആരും വകവച്ചില്ല.
കായലിന്‍റെ നടുക്കെത്തി വള്ളം ആടിയുലഞ്ഞതുകണ്ട് തീരത്തുനിന്ന് മറ്റൊരു വള്ളം വന്നു. ഉടൻ എല്ലാവരും ഈ വള്ളത്തില്‍ കയറാൻ തിക്കിത്തിതിരക്കി. അങ്ങനെ രണ്ട് വള്ളങ്ങളും മറിഞ്ഞു. വള്ളക്കാരും നീന്തല്‍ അറിയാവുന്നവരും ഏറെപ്പേരെ രക്ഷപ്പെടുത്തിയെങ്കിലും 24 പേർ ശാസ്താംകോട്ട കായലിന്‍റെ കാണാക്കയത്തില്‍ മുങ്ങിത്താണു. രക്ഷാപ്രവർത്തനം നടത്തിയ ചിലരും മരണപ്പെട്ടു. കൊച്ചിയില്‍നിന്ന് മുങ്ങല്‍ വിദഗ്ധരെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നമ്മുടെ കായല്‍ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തില്‍ ഇപ്പോഴും ദുരന്തം നടന്ന ദിവസം അനുസ്മരണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.