ഇന്ത്യ നല്‍കിയ വിമാനത്തിന് മാലദ്വീപ് പ്രസിഡന്റ് അനുമതി നിഷേധിച്ചെന്ന്; ചികിത്സ കിട്ടാതെ 14കാരൻ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ ഡോർണിയർ വിമാനം എയർലിഫ്റ്റിനായി ഉപയോഗിക്കാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപില്‍ 14 വയസുള്ള ആണ്‍കുട്ടി മരിച്ചു.

ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിയെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 16 മണിക്കൂറിനുശേഷമാണ് എയർ ആംബുലൻസിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് മസ്തിഷ്കാഘാതം ഉണ്ടായ ഉടൻ തന്നെ തങ്ങള്‍ ഐലൻഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവർ മറുപടി നല്‍കിയില്ലെന്നും വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അവർ ഫോണ്‍ എടുത്തതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍ അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നെന്നും അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കല്‍ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്ബനി ലിമിറ്റഡ് അറിയിച്ചു.

പ്രസി‍ഡന്റിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തില്‍ ആശുപത്രിയിലും പുറത്തും വ്യാപക പ്രതിഷേധമാണ് നടന്നത്. കഴിഞ്ഞ വർഷം നവംബറില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റത് മുതല്‍ ഇന്ത്യയുമായി മാലദ്വീപ് അകല്‍ച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ മാർച്ച്‌ 15ന് മുൻപ് പിൻവലിക്കണമെന്ന് മാലദ്വീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.