പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങള്‍ വൈപ്പിനില്‍ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്.
അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു ടീം ഉണ്ടാക്കിയാല്‍ ഒരാള്‍ക്ക് 50000 രൂപ വരെ വായ്പ നല്‍കാമെന്നാണ് വാഗ്ദാനം. ഈട് വേണ്ടെന്നും പകരം പരസ്പര ജാമ്യം മതിയെന്നും പണം ഗഡുക്കളായി പലിശ സഹിതം തിരിച്ചടച്ചാല്‍ മതിയാകുമെന്നും അറിയിക്കും. ഒരാള്‍ വീഴ്ചവരുത്തിയാല്‍ മറ്റുളളവരുടെ പക്കല്‍ നിന്നും മുതലും പലിശയും ഇടാക്കും.
ഇതെല്ലാം ഉള്‍പ്പെടെ സമ്മതപത്രങ്ങളില്‍ ഒപ്പുവെച്ച ശേഷം വായ്പ കിട്ടണമെങ്കില്‍ കുറച്ച്‌പണം മുൻകൂർ കെട്ടണമെന്ന് ആവശ്യപ്പെടും. ഇത് 500 മുതല്‍ 2000 രൂപ വരെ ആകാം.വീട്ടമ്മമാർ പണമടച്ച് ലോണിനായി കാത്തിരുന്ന് പലകുറി ആവശ്യപ്പെട്ടാലും ഓരോതടസ്സങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകും. ഇങ്ങനെ തട്ടിപ്പ് നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം കുറെ വീട്ടമ്മമാർ ചേർന്ന് തെക്കൻ മാലിപ്പുറത്ത് നിന്ന് പിടികൂടി ഞാറക്കല്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.
ഇതുകൂടാതെ പള്ളിപുറത്ത് 2000 രൂപ വീതം വീട്ടമ്മമാരില്‍ നിന്ന് വാങ്ങിയ ശേഷം വായ്പതരാതെ വഞ്ചിച്ച രണ്ടംഗസംഘത്തിനെതിരെ മുനമ്ബം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.