ഓഫര്‍ സെയിലില്‍ ഐഫോണ്‍ 15 ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് വ്യാജ ബാറ്ററിയുള്ള കേടായ ഫോണ്‍, പരാതിയുമായി യുവാവ്
ഫെസ്റ്റിവല്‍ സെയിലുകളില്‍ സ്മാർട്ട്ഫോണുകള്‍ക്ക് ഗംഭീര ഓഫറുകളാണ് ബ്രാൻഡുകള്‍ വാഗ്ദാനം ചെയ്യാറുള്ളത്. ഈ കാരണം കൊണ്ട് തന്നെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലുമൊക്കെ ചൂടപ്പം പോലെയാണ് ഫോണുകള്‍ വിറ്റുപോകാറുള്ളത്.എന്നാല്‍, അത്തരം ഓഫർ സെയിലുകളില്‍ ഫോണുകള്‍ വാങ്ങി പണി കിട്ടുന്നവരും ഏറെയാണ്.
ഇക്കഴിഞ്ഞ റിപബ്ലിക് ഡേ സെയിലില്‍ ഐഫോണ്‍ 15 വാങ്ങിയ ഫ്ലിപ്പ്കാർട്ട് കസ്റ്റമർക്ക് കിട്ടിയത് മുട്ടൻ പണിയാണ്. പുതിയ ഐഫോണ്‍ മുഴുവൻ പണവും നല്‍കി ഓർഡർ ചെയ്ത അജയ് രജാവത് എന്ന യുവാവിന് ലഭിച്ചത് കേടായ ഫോണായിരുന്നു. മാത്രമല്ല, ഫോണിലുണ്ടായിരുന്നത് വ്യാജ ബാറ്ററിയാണെന്നും അജയ് ആരോപിക്കുന്നു.
ഫോണ്‍ അണ്‍ബോക്സ് ചെയ്യുന്ന വിഡിയോ അജയ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ പരാതി കേട്ട ഫ്ലിപ്കാർട്ട് ഫോണ്‍ മാറ്റിത്തരാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുവാവ് ആരോപിക്കുന്നു.
“തകരാറായ ഐഫോണ്‍ 15 നല്‍കിയും വ്യാജ ബോക്സ് പാക്കേജിങ് ഉപയോഗിച്ചും ഫ്ലിപ്കാർട്ട് തട്ടിപ്പ് നടത്തി. ഞാൻ ജനുവരി 13-ന് ഐഫോണ്‍ 15 ഓർഡർ ചെയ്തു, ജനുവരി 15-ന് തന്നെ അത് ലഭിച്ചു. അജയ് രജാവത് X-ല്‍ എഴുതി, പോസ്റ്റിനൊപ്പം ഓർഡർ ഐഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശേഷം പങ്കുവെച്ച ട്വീറ്റില്‍, വാങ്ങിയ ഐഫോണിലുള്ളത് ഒറിജിനല്‍ ബാറ്ററിയാണോ എന്ന് പരിശോധിക്കാൻ കഴിയുന്നില്ലെന്ന് കാണിക്കുന്നതിന്റെ ചിത്രവും അജയ് പങ്കുവെച്ചിട്ടുണ്ട്.
ഒടുവില്‍ യുവാവിന്റെ പോസ്റ്റിന് ഫ്ലിപ്പ്കാർട്ട് മറുപടി നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. “നിങ്ങള്‍ നേരിട്ട അനുഭവത്തിന് അഗാധമായ ക്ഷമാപണം നടത്തുന്നു. നിങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഞങ്ങളെ ആശ്രയിക്കാം. നിങ്ങളുടെ ഫ്ലിപ്പ്കാർട്ട് അക്കൗണ്ടിന്റെ സ്വകാര്യതയ്ക്കായി ഒരു സ്വകാര്യ ചാറ്റിലൂടെ നിങ്ങളുടെ ഓർഡർ ഐഡി ഞങ്ങളുമായി പങ്കിടുക” – ഫ്ലിപ്കാർട്ട് പോസ്റ്റിന് മറുപടിയായി കുറിച്ചു.