അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്ഠ

ലഖ്നോ: യു.പിയിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്ത ഭൂമിയില്‍ നിർമാണം പുരോഗമിക്കുന്ന പടുകൂറ്റൻ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും.ഉച്ചക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങ് ഒരു മണിയോടെ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേല്‍, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വാരാണസിയില്‍നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിക്കുക.

ചടങ്ങിനുശേഷം പ്രധാനമന്ത്രി പ്രസംഗിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ അയോധ്യയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖർ, കലാ-കായിക രംഗത്തെ താരങ്ങള്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ പ്രത്യേക ക്ഷണിതാക്കളായ എണ്ണായിരത്തോളം പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ് ദീപ് ധൻകർ എന്നിവർക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനിടയില്ല. ആചാരലംഘനം ചൂണ്ടിക്കാട്ടി രണ്ട് ശങ്കരാചാര്യന്മാരും മതപരമായ പരിപാടി ബി.ജെ.പി രാഷ്ട്രീയവത്കരിച്ചെന്നാരോപിച്ച്‌ കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളും ക്ഷണം നിരസിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ചൊവ്വാഴ്ചമുതലാണ് ക്ഷേത്ര പ്രവേശനം അനുവദിക്കുകയെന്ന് ശ്രീരാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. ദേശീയ ടെലിവിഷനായ ദൂരദർശനിലൂടെ ചടങ്ങിന്റെ സമ്ബൂർണ സംപ്രേക്ഷണം നടക്കും.

കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്കും ബാങ്കിങ്-ഇൻഷുറൻസ് സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധിയാണ്. ബി.ജെ.പി സർക്കാറുകള്‍ക്കും ഒഡിഷക്കും പിറകെ ഹിമാചലിലെ കോണ്‍ഗ്രസ് സർക്കാറും ഝാർഖണ്ഡിലെ േഹമന്ദ് സോറൻ സർക്കാറും ഇന്ന് സംസ്ഥാനതല അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എയിംസ് ഉള്‍പ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങളിലെ അവധി തീരുമാനം വിവാദമായതോടെ ഭാഗികമായി പിൻവലിച്ചു.

1528ല്‍ നിർമിക്കപ്പെട്ട ബാബരി മസ്ജിദ് ബി.ജെ.പി-വി.എച്ച്‌.പി നേതാക്കളുടെ സാന്നിധ്യത്തില്‍ 1992 ഡിസംബർ ആറിനാണ് സംഘ്പരിവാർ ആക്രമികള്‍ തകർത്തുകളഞ്ഞത്. ഏറെവർഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്കൊടുവില്‍ പള്ളി തകർത്തത് നിയമവിരുദ്ധമാണെന്നും മുമ്ബ് ഇവിടെ ക്ഷേത്രമുണ്ടായതിന് തെളിവില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി 2019 നവംബറില്‍ മസ്ജിദ് ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത് വിധിക്കുകയായിരുന്നു. ഈ ഭൂമിയില്‍ പരമ്ബരാഗത നഗരരീതിയിലാണ് മൂന്നുനില ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത്. മസ്ജിദ് നിർമിക്കാൻ പകരം നല്‍കിയ ഭൂമിയില്‍ പ്രവൃത്തി തുടങ്ങിയിട്ടില്ല.