ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്റെ സഹായത്തോടെ കൊലപാതകക്കേസ് തെളിയിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ആർട്ടിഫിഷ്യല്‍ ഇന്‍റലിിജൻസ്(എ.ഐ) സഹായത്തോടെ കൊലപാതകക്കേസ് തെളിയിച്ച് ഡല്‍ഹി പൊലീസ്. എ.ഐ ഉപയോഗിച്ച് പ്രതികളെ കണ്ടെത്തുകയും ചെയ്തു.
ജനുവരി 10 ന് കിഴക്കൻ ഡല്‍ഹിയില്‍ ഗീതാ കോളനി മേല്‍പാലത്തിന് താഴെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും മൃതദേഹത്തിലോ പരിസരത്തോ മറ്റു തെളിവുകളൊന്നുമില്ലാത്തതിനാല്‍ പൊലീസിന് കേസ് തെളിയിക്കാൻ ബുദ്ധിമുട്ടായി.
തുടർന്ന് മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കാൻ എ.ഐ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പുനർനിർമിക്കുകയും ചെയ്തു. കൊല്ലപ്പെട്ടാളുടെ മുഖചിത്രം അടങ്ങുന്ന 500 ലേറെ പോസ്റ്ററുകളുണ്ടാക്കി ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പതിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഒരു പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രദർശിപ്പിച്ച പോസ്റ്റർ കണ്ട് വന്ന ഫോണ്‍ കോളാണ് കേസിന് വഴിത്തിരിവായത്.
ചിത്രത്തിലുളളയാള്‍ തന്‍റെ സഹോദരൻ ഹിദേന്ദ്രയാണെന്ന് പറഞ്ഞാണ് കോള്‍ വന്നത്. ഹിദേന്ദ്ര മൂന്ന് വ്യക്തികളുമായ് തർക്കമുണ്ടായതായും ഇത് വലിയ വാക്കേറ്റത്തിലേക്ക് നയിച്ചതായും വ്യക്തമായി. തുടർന്ന് ഈ മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയുകയും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന സ്തീയുള്‍പ്പെടെ നാല് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.