വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ന്യൂമാനീയം
തൊടുപുഴ: പഞ്ചാബി ഹൗസിലെ രമണനും മിന്നല്‍ മുരളിയുമൊക്കെ കണ്‍മുന്നില്‍ വന്നു നില്‍ക്കുന്ന കെമിക്കല്‍ മാജിക്കുമായി രസതന്ത്ര വിഭാഗം, യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന അഗ്നി പർവതവും മഞ്ഞു മലകളും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ആകർഷകമായ പവിലിയനുകളൊരുക്കി വ്യത്യസ്തത ഒരുക്കുകയാണ് തൊടുപുഴ ന്യൂമാൻ കോളജില്‍ നടക്കുന്ന ന്യൂമാനീയം എക്സിബിഷൻ.
കോളജിലെ എല്ലാ പഠനവിഭാഗങ്ങളും എൻ.സി.സി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകളും ചേർന്നൊരുക്കുന്ന പ്രദർശനത്തില്‍ ഐ.എസ്.ആർ.ഒ., ബി.എസ്.എൻ.എല്‍., കൊയർ ഫെഡറേഷൻ, കേരള ഫയർ ഫോഴ്സ്, പൊലീസ് എന്നിവരും ചേർന്നാണ് പവിലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. പ്ലാനറ്റേറിയത്തിലൂടെ ഒരു സഞ്ചാരമാണ് ഫിസിക്സ് വിഭാഗത്തിന്റെ ആകർഷണം. ഒപ്പം ഐ.എസ്.ആർ.ഒ ചന്ദ്രയാനും ശൂന്യാകാശാനുഭവവും ഒരക്കിയിരിക്കുന്നു.
ജീവനുള്ള ഷേക്സ്പിയർ കഥാപാത്രങ്ങളുമായാണ് ഇംഗ്ലീഷ് വിഭാഗത്തിന്‍റെ പ്രദർശനം. പൗരാണിക സംസ്‌കാരത്തിന്റെ അടയാളങ്ങളായ പണിയായുധങ്ങളും അപൂർവ നാണയങ്ങളും താളിയോലകളും പാത്രങ്ങളും സ്വാതന്ത്ര്യസമരകാലവുമൊക്കെയാണ് ചരിത്രവിഭാഗത്തിന്റെ സ്റ്റാളുകളില്‍. എല്ലാ ദിവസവും വൈകുന്നേരം കലാപാരിപാടികളുമായി ഉത്സവാന്തരീക്ഷമൊരുക്കിയിരിക്കുകയാണ് വിദ്യാർഥികള്‍. ന്യൂമാൻ കോളജിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച എക്സിബിഷൻ സമാപിക്കും.