Fincat

സ്കൂള്‍ ബസുകളെ നിരത്തിലിട്ട് പൂട്ടി എൻഫോഴ്സ്മെന്റ്;തുടര്‍പരിശോധനയില്‍ പിഴയിട്ടത് ഒന്നര ലക്ഷത്തോളം രൂപ

കോട്ടക്കല്‍: ജില്ലയിലെ സ്കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച്‌ എൻഫോഴ്സ്മെന്റ് നടത്തുന്ന തുടർപരിശോധനയില്‍ ഫിറ്റ്നസ്, ഇൻഷുറൻസ്, പെർമിറ്റ്‌ എന്നിവയില്ലാത്തതും നികുതി അടക്കാത്തതുമായ 60 ഓളം വാഹനങ്ങള്‍ പിടികൂടി.

1 st paragraph

ഇരുനൂറോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഒന്നര ലക്ഷത്തോളം രൂപ പിഴയീടാക്കി. നിരവധി സുരക്ഷാവീഴ്ചകളും നിയമ ലംഘനങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇതോടെ ജില്ലയിലുടനീളം തുടർപരിശോധനക്ക് ആർ.ടി.ഒ പി.എ. നസീർ ഉത്തരവിടുകയായിരുന്നു. ഏറനാട്, നിലമ്ബൂർ, പെരിന്തല്‍മണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്കൂള്‍, കോളജ് ബസ്സുകളുടെ രേഖകള്‍ പരിശോധിച്ച്‌ കാലാവധി, ഡ്രൈവറുടെ ലൈസൻസ് കാലാവധി എന്നിവ സ്കൂള്‍ മാനേജർമാർ, പ്രിൻസിപ്പല്‍, പ്രധാനാധ്യാപകർ എന്നിവർ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്ന് ആർ.ടി.ഒ അഭ്യർഥിച്ചു. ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ 33 ബസ്സുകളില്‍നിന്ന് 58000 രൂപ പിഴയീടാക്കിയിരുന്നു.

2nd paragraph

എം.വി.ഐമാരായ എം.വി. അരുണ്‍, വൈ.ജയചന്ദ്രൻ, എം.കെ. ബിനോയ്കുമാർ, കെ.എം. അസൈനാർ, എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ എം. സലീഷ്, വി. വിജീഷ്, അബ്ദുല്‍ കരീം, വി. രാജേഷ്, ദിപിൻ എടവന, എബിൻ ചാക്കോ, എൻ. പ്രേംകുമാർ, എസ്.ജി. ജെസ്സി, വിഷ്ണു വിജയ്, ഷൂജ മാട്ടട എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കാനാണ് തീരുമാനം.

ഓപറേഷൻ ലേബല്‍;114 സ്ഥാപനങ്ങളില്‍ പരിശോധന

മലപ്പുറം: പാർസല്‍ ഭക്ഷണത്തിന്‍റെ കവറിനു പുറത്ത് ലേബല്‍ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക ദൗത്യസേന വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ജില്ലയില്‍ അഞ്ച് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 114 സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. നിയമ ലംഘനം കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാൻ നോട്ടീസും 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാൻ റെക്ടിഫിക്കേഷൻ നോട്ടീസും നല്‍കി. ഏഴു സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. അഡ്ജ്യൂഡിക്കേഷൻ ലഭിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ആർ.ഡി.ഒ കോടതി മുഖേന കേസ് ഫയല്‍ ചെയ്യും.

ഭക്ഷ്യസുരക്ഷ കമീഷണർ ജാഫർ മാലിക്കിന്‍റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. പാർസല്‍ ഭക്ഷണത്തിന്‍റെ കവറിനു പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധി ഉള്‍പ്പടെ പ്രദർശിപ്പിക്കുന്ന ലേബലുകള്‍ നിർബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശമുണ്ട്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില ഹോട്ടലുകള്‍ ഗൗനിച്ചിരുന്നില്ല. നേരത്തെ ലേബല്‍ പതിച്ചിരുന്ന ഹോട്ടലുകള്‍ പിന്നീട് ഇത് അവഗണിച്ചു. ഇതേതുടർന്നാണ് വ്യാപക പരിശോധനക്ക് നിർദേശം നല്‍കിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അസി. കമീഷണർ ഡി. സുജിത്ത് പേരേര അറിയിച്ചു.

‘ജാഗ്രത വേണം’

മലപ്പുറം: പാർസല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ ജാഫർ മാലിക് നിർദേശിച്ചു. ലേബല്‍ പതിക്കാതെയുള്ള പാർസല്‍ വില്‍പന നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണം. ലേബല്‍ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാൻ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. സമയപരിധി കഴിഞ്ഞ് കഴിക്കുന്ന പാർസല്‍ ഭക്ഷണം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. എപ്പോള്‍ ഭക്ഷണം തയാറാക്കിയെന്നും എത്ര സമയംവരെ ഉപയോഗിക്കാമെന്നും ഹോട്ടലുടമ ലേബലില്‍ രേഖപ്പെടുത്തണം. ഹോട്ടലിന്‍റെ പേരും വേണം.