ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസവും’, ‘മതേതരത്വവും’ വെട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കേ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നിവ വെട്ടി കേന്ദ്ര സർക്കാർ.‘ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന’ എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പേജിലൂടെയാണ് പ്രചരണം.

“രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനപരിശോധിക്കാം. പുതിയ ഇന്ത്യയില്‍ ഈ മൗലിക തത്വങ്ങള്‍ എങ്ങനെ പ്രതിധ്വനിക്കുന്നു? വേരുകളിലൂന്നി നിന്ന് രാജ്യം എങ്ങനെ മുന്നോട്ട് കുതിക്കുന്നു എന്ന് നോക്കാം,” എന്ന അടിക്കുറിപ്പോടെയാണ് ഭരണഘടനാ ആമൂഖത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എട്ട് സ്ലൈഡുകളിലായി ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ‘വികസന’ത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ സാഹചര്യത്തില്‍ ആമുഖത്തിലെ പ്രാധാന തത്വങ്ങളുടെ തലക്കെട്ടോടെയാണ് ഓരോ സ്ലൈഡും തയ്യാറാക്കിയിരിക്കുന്നത്. പുതിയ ഇന്ത്യയുടെ പരമാധികാരം (Soveriegnity), പുതിയ ഇന്ത്യയുടെ ജനാധിപത്യം (Democracy), പുതിയ ഇന്ത്യയിലെ പരമാധികാര ജനാധിപത്യ രാഷ്ട്രം (Republic), പുതിയ ഇന്ത്യയിലെ നീതി (Justice), പുതിയ ഇന്ത്യയിലെ സ്വാതന്ത്ര്യം (Liberty), പുതിയ ഇന്ത്യയിലെ തുല്യനീതി (Equality), പുതിയ ഇന്ത്യയിലെ സാഹോദര്യം (Fraternity) എന്നിങ്ങനെയാണ് സ്ലൈഡുകള്‍.

തീവ്രവാദത്തോട് പുലർത്തുന്ന ‘അസഹിഷ്ണുത’, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ‘കൈമാറിയ’ 34 ലക്ഷം കോടിയിലധികം പണം, പുതിയ പാർലമെന്റ് മന്ദിരം, മണിപ്പൂർ ഉള്‍പ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ സർക്കാർ ഇടപെടലിലൂടെ സ്ഥാപിച്ച ‘സമാധാനം’, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ളവയെ സർക്കാരിന്റെ വിജയപദ്ധതികളായും പോസ്റ്റില്‍ പരാമർശിക്കുന്നുണ്ട്.

അതേസമയം പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യൻ ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ച കേന്ദ്ര സർക്കാരിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നവരും കൂട്ടത്തിലുണ്ട്.

മിനി കോണ്‍സ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന 1976ലെ 42-ാമത് ഭരണഘടന ഭേദഗതിയിലാണ് സോഷ്യലിസ്റ്റ്, സെക്യുലർ എന്ന പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്.