Fincat

ഗവര്‍ണറുടെ വിരുന്നില്‍നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ നടത്തിയ റിപ്പബ്ലിക് ദിന വിരുന്നില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നു.ഇന്ന് വൈകിട്ട് 6.30ഓടെ രാജ് ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാല്‍ മാത്രമാണ് പങ്കെടുത്തത്. എം.എല്‍.എമാർ, എം.പിമാർ എന്നിവർക്കെല്ലാം ക്ഷണമുണ്ടായിരുന്നു.

1 st paragraph

പത്മ പുരസ്‌കാരം ലഭിച്ച ബി.ജെ.പി നേതാവ് ഒ. രാജഗോപാലിനെ ഗവർണർ ഷാള്‍ അണിയിച്ച്‌ ആദരിച്ചു. വിരുന്നിലെ മേളം കലാകാരന്മാർക്കൊപ്പം ചെണ്ട കൊട്ടി ഗവർണർ വിരുന്ന് ആഘോഷിച്ചു.

ഇന്ന് റിപബ്ലിക്ക് ദിന പരേഡില്‍ പതാക ഉയർത്താൻ എത്തിയപ്പോള്‍ അടുത്തടുത്ത് ഇരുന്നിട്ടും ഗവർണറും മുഖ്യമന്ത്രിയും പരസ്പരം ഗൗനിച്ചിരുന്നില്ല. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി. ശിവൻകുട്ടിയും ഗവർണറെ രൂക്ഷമായി വിമർശിച്ച്‌ രംഗത്തുവന്നിരുന്നു.

2nd paragraph

റിപബ്ലിക് ദിനത്തില്‍ പതാക ഉയർത്തി നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ മാത്രം ഗവർണർ എണ്ണിപ്പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വി. ശിവൻകുട്ടി രംഗത്തെത്തിയത്. ജനാധിപത്യവിരുദ്ധമായ പദപ്രയോഗങ്ങളാണ് ഗവർണർ നടത്തിയതെന്നും രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത് ആർ.എസ്.എസ് നിര്‍ദേശപ്രകാരമാണെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ നിയമസഭയില്‍നിന്നും മടങ്ങിയ ഗവര്‍ണറുടെ നടപടിയെ ആണ് എം.വി ഗോവിന്ദൻ വിമർശിച്ചത്. നിലവിട്ട നിലയിലാണ് ഗവർണറുടെ പെരുമാറ്റമെന്നും ഗവർണറുടെ പദവിക്ക് ചേരുന്നതല്ല ഇപ്പോള്‍ നടക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്‍റെ തുടര്‍ച്ചയാണ് നിയമസഭയിലുണ്ടായത്. ഇത് ഭരണഘടന രീതിക്ക് ചേരുന്നതല്ലെന്നും എം.വി ഗോവിന്ദന്‍ വിമർശിച്ചു.