ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യുക്കാരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവർണർ. ഇപ്പോള്‍ പ്രതിഷേധം ഗവർണർക്കെതിരായപ്പോള്‍ അദ്ദേഹം വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണുന്നത്.

മുഖ്യമന്ത്രി, തനിക്കെതിരെ തിരിയുന്നവർ ‘ആരായാലും കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നത്. അതിന് സ്വന്തം പാർട്ടിക്കാരെപ്പോലും ഗുണ്ടകളാക്കി മാറ്റി ഞങ്ങളുടെ കുട്ടികളെ നാട് നീളെ തല്ലിച്ചെന്ന് മാത്രമല്ല.അവർക്ക് മംഗളപത്രം നല്‍കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കുട്ടികളെ തല്ലിയ പൊലീസുകാരെ പിണറായി വെറുതെ വിട്ടില്ല. ഗുഡ് സർവീസ് എൻട്രി നല്‍കി ആദരിച്ചു. എന്നാല്‍ പിന്നീട് മോദിയെക്കണ്ടപ്പേള്‍ മുഖ്യമന്ത്രിയുടെ പതർച്ച എത്രത്തോളമെന്ന് അന്നത്തെ ഒരൊറ്റ ഫോട്ടോയിലൂടെ ലോകം കണ്ടതാണ്. ഇപ്പോള്‍ ഗവർണർക്കെതിരെ നടക്കുന്നത് വെറും നാടകം മാത്രം. യഥാർഥത്തില്‍ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്.ഇവർ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തില്‍ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു.

രണ്ട് പേരും ചേർന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കുപോലും ഗുഡ് സർവീസ് എൻട്രി നല്‍കുന്ന അവസ്ഥയാണിപ്പോള്‍. പൊലീസേനയുടെ ഒരു വിഭാഗം സി.പി.എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഉന്നത പദവിയില്‍ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.