ജെസി ആന്‍റണി തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സൻ

തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ജെസി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ഹൈകോടതി അയോഗ്യയാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ആദ്യ റൗണ്ടില്‍ ജെസി ആന്‍റണിക്ക് 14ഉം യു.ഡി.എഫിലെ മുസ്ലിം ലീഗ് പ്രതിനിധി ഷഹനാ ജാഫറിന് 12ഉം ബി.ജെ.പി. സ്ഥാനാർഥി ജിഷാ ബിനുവിന് ഏഴും വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടില്‍ ജെസി ആന്‍റണിക്ക് 13 ഉം ഷഹനാ ജാഫറിന് 12ഉം വോട്ട് ലഭിച്ചു. ബി.ജെ.പി വിട്ടു നിന്നു. ഒരു വോട്ട് അസാധുവായി.

ഡെപ്യൂട്ടി കലക്ടർ ആർ. ആർ. ജോളി ജോസഫ് വരണാധികാരിയായിരുന്നു. കൗണ്‍സിലർ ടി.എസ്. രാജൻ ഹാജരായിരുന്നില്ല. വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒരുമിച്ച്‌ നിന്നാല്‍ നഗര വികസനത്തിനാവശ്യമായതെല്ലാം ചെയ്യാൻ കഴിയുമെന്നും ജെസി ആന്‍റണി പറഞ്ഞു.

2020 ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്വതന്ത്രയായി ഒമ്ബതാം വാര്‍ഡില്‍ നിന്നാണ് ജെസി ജോണി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി. ഇതിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയെങ്കിലും ഹൈകോടതി അനുവദിക്കുകയായിരുന്നു. അഡ്വ.സി.കെ. ജാഫര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ.കരീം എന്നിവരാണ് കോടതിയെ സമീപിച്ചത്. 35 അംഗ കൗണ്‍സിലില്‍ നിലവില്‍ 34 അംഗങ്ങളാണുള്ളത്.