കുതിക്കുന്ന നഗരം ഊരാകുരുക്കില്‍
തിരൂരിന്റെ വാണിജ്യ മേഖല വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോഴും കുരുക്കഴിയാത്ത റോഡുകള്‍ ശാപമാവുകയാണ്
തിരൂര്‍: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തിരൂര്‍ നഗരത്തിന്റെ ശാപം ഗതാഗതക്കുരുക്കാണ്. ഇതിന് അടിന്തിര പരിഹാരം വേണമെന്ന ആവശ്യം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഉയരുന്നുണ്ട്. എന്നാല്‍ ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട പല പദ്ധതികളും അനന്തമായി നീളുകയോ അവസാനം ധൃതിപിടിച്ച് തട്ടിക്കൂട്ടുകയോ ആണ്. നിര്‍മ്മാണം പൂര്‍ത്തീയായിട്ടും പാലങ്ങള്‍ തുറക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതും ഫ്‌ളൈ ഓവര്‍ പദ്ധതി അനന്തമായി നീളുന്നതും ഇതിന് ഉദാഹരണങ്ങളാണ്. മൂന്ന് പ്രപ്പോസലുകള്‍ സമര്‍പ്പിച്ച ഫ്‌ളൈ ഓവറിന് ഇപ്പോഴും ഗവണ്‍മെന്റ് പച്ചക്കൊടി വീശിയിട്ടില്ല.
കോഴിക്കോട് – എറണാകുളം പാതയില്‍ തിരൂര്‍ നഗരത്തോട് ചേര്‍ന്ന് നിരവധി വാണിജ്യ സമുച്ചയങ്ങള്‍ ഇതിനോടകം തല ഉയര്‍ത്തിക്കഴിഞ്ഞു. നാടും നഗരവും വളര്‍ന്ന് പന്തലിക്കുമ്പോള്‍ അടിസ്ഥാന ഗതാഗത സൗകര്യമില്ലാതെ പൊതുജനങ്ങളും കച്ചവടക്കാരും വീര്‍പ്പുമുട്ടുകായണ്. പൂക്കയില്‍, താഴേപ്പാലം, പൂങ്ങോട്ടുകളും, പൊലീസ് ലൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന്റെ ഇരു വശവും ബ്രാന്റഡ് ഷോറൂമുകള്‍ ഇടം പിടിച്ചു കഴിഞ്ഞു. പലതും നിര്‍മ്മാണ പ്രവര്‍ത്തിയിലാണ്. നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു മാള്‍ തുടങ്ങിയ വന്‍കിട ഷോപ്പിംങ് സമുച്ചയങ്ങളും ഈ പാതയോരത്ത് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഗതാഗതക്കുരുക്ക് തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ കൈകൊള്ളേണ്ടത് ജനപ്രതിനിധികളും ഭരണകൂടങ്ങളുമാണ്. പൂങ്ങോട്ടുകുളം കോ ഓപ്പറേറ്റീവ് കോളേജ് റോഡ് വീതി കൂട്ടി പൊറ്റേത്തപടി, മാങ്ങാട്ടിരി റോഡുകളിലേക്ക് കണക്ട് ചെയ്ത് വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ പാകത്തില്‍ ഗതാഗത യോഗ്യമാക്കാനുള്ള പദ്ധതി നഗരസഭ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര വേഗതയില്‍ പ്രവൃത്തി നടക്കുന്നില്ല.
അതേസമയം പുതുതായി വരുന്ന ഷോപ്പിംങ് സമുച്ചയങ്ങള്‍ കുറ്റമറ്റ പാര്‍ക്കിംങ് സംവിധാനങ്ങളും വിവിധ റോഡുകളിലേക്ക് പ്രത്യേകം എന്‍ട്രന്‍സുകളും സജ്ജീകരിച്ചാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. നാടിന്റെ വികസനക്കുതിപ്പില്‍ വലിയ പങ്കുവഹിക്കുന്ന വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകരേണ്ടത് ഭരണകൂടങ്ങളാണ്. ഫ്‌ളൈ ഓവര്‍ സ്ഥാപിക്കുന്നതിനും പൊന്‍മുണ്ടം-പൊലീസ് ലൈന്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കുന്നതിനും അടിയന്തിര ഇടപെടല്‍ ബന്ധപ്പെട്ട അധികൃതര്‍ വേഗത്തില്‍ ചെയ്യണം.