മൂന്നംഗ സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു

തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു.

തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്‌ടാക്കള്‍ അടുക്കള വാതിലുകള്‍ കുത്തിത്തുറന്നത്.
കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. തുറവൂർ ആലുന്തറ വീട്ടില്‍ ലീലയുടെ വീടിന്‍റെ അടുക്കള വാതില്‍ പൊളിച്ച് കിടപ്പുമുറിയില്‍ കയറിയാണ് മാല പൊട്ടിച്ചത്. ഞെട്ടിയുണർന്നു ബഹളം വച്ചതോടെ സമീപവാസികള്‍ ഉണർന്ന് പരിശോധന നടത്തിയപ്പോഴാണ് മറ്റു വീടുകളുടെ അടുക്കള വാതില്‍ പൊളിച്ചതും ചില വീടുകളിലെ വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയതും കണ്ടെത്തിയത്.

തുറവൂർ കളരിക്കല്‍ മണ്ണാപറമ്ബ് അരവിന്ദൻ, ഗാന പ്രിയയില്‍ ശെല്‍വരത്നം, അരേശേരി സെബാസ്റ്റ്യൻ, ആലുന്തറ ജയിൻ, അറക്കല്‍ പ്രിയ എന്നിവരുടെ വീടുകളുടെ വാതിലുകളാണ് കുത്തിത്തുറന്നത്.
സമീപത്ത് സ്‌ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നു മോഷ്‌ടാക്കളുടെ ചിത്രം ലഭിച്ചു. കുത്തിയതോട് പൊലീസും പഞ്ചായത്ത് അംഗം കെ.ആർ.രണ്‍ഷുവിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികളും ചേർന്ന് പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പൊലീസും ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സംഭവം നടന്ന വീടുകള്‍ പരിശോധന നടത്തി.
