ഗസ്സയില്‍ 112 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമെന്ന് യു.എൻ

ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.148 പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ 7 മുതല്‍ ഇതുവരെ 27,131 പേർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 66,287 പേർക്ക് പരിക്കേറ്റു.

അതിനിടെ, യുദ്ധക്കെടുതിയില്‍ അസ്വസ്ഥരായ ഗസ്സയിലെ 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യു.എൻ ചില്‍ഡ്രൻസ് ഫണ്ട് (യുനിസെഫ്) കണക്കാക്കുന്നതായി യു.എൻ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലെ 17,000ത്തോളം കുട്ടികള്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടതായും യുനിസെഫ് പറയുന്നു.

നേരത്തെ സുരക്ഷിത മേഖലയായി വിശേഷിപ്പിക്കപ്പെട്ട റഫയില്‍ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചത് ഗസ്സയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. തെക്കൻ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാനാണ് ഇസ്രായേല്‍ ഒരുങ്ങുന്നത്. മറ്റു ഭാഗങ്ങളില്‍ ബോംബാക്രമണം ശക്തമായപ്പോള്‍ നിരവധി ഫലസ്തീനികള്‍ അഭയം തേടിയത് ഈ ഭാഗത്താണ്. പ്രദേശത്ത് അഭയം തേടിയ 10 ലക്ഷത്തിലധികം ഫലസ്തീനികളില്‍ പുതിയ ആക്രമണ നീക്കം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

താല്‍ക്കാലിക വെടിനിർത്തല്‍ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച്‌ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍നിന്ന് പൂർണമായി പിൻവാങ്ങണമെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തില്‍ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയില്‍ വെടിനിർത്തല്‍ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം.

ബന്ദികള്‍ സ്വതന്ത്രമായാല്‍ ഇസ്രായേല്‍ വീണ്ടും ക്രൂരമായ ആക്രമണം നടത്തുമെന്നും ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുമെന്നും ഹമാസ് കരുതുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കരാറിന്റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ വഴങ്ങൂ എന്നാണ് അവരുടെ നിലപാട്.

രണ്ടുമാസത്തേക്ക് വെടിനിർത്താമെന്നും അതിനിടക്ക് ഘട്ടംഘട്ടമായി ഇസ്രായേലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണമെന്നുമുള്ള നിർദേശമാണ് മധ്യസ്ഥ ചർച്ചയില്‍ ഇസ്രായേല്‍ മുന്നോട്ടുവെച്ച നിർദേശം. ബന്ദിമോചനത്തിനായി ശക്തമായ ആഭ്യന്തര സമ്മർദം നേരിടുന്ന ഇസ്രായേല്‍ ഭരണകൂടം ഒരു ബന്ദിക്ക് പകരം 100 ഫലസ്തീനികളെ മോചിപ്പിക്കാമെന്നും പറഞ്ഞിരുന്നു.