ആ താലിമാലയില്‍ സത്യമുണ്ടായിരുന്നു, നാലുവര്‍ഷം കഴിഞ്ഞ് അത് സുദീപയുടെ കഴുത്തിലെത്തി

പെരിന്തല്‍മണ്ണ: നാല് വർഷംമുമ്ബ് നഷ്ടപ്പെട്ട താലിമാല ഏറ്റുവാങ്ങുമ്ബോള്‍ സുദീപയുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ സ്വർണത്തിളക്കം.

ക്ഷേത്രദർശനത്തിനായി ഭർത്താവിന്റെ കൂടെ പോവുമ്ബോള്‍ നാലുവർഷം മുമ്ബ് നഷ്ടപ്പെട്ട താലിമാലക്കായി എല്ലാവിധ അന്വേഷണവും നടത്തിയിട്ടും കണ്ടുകിട്ടിയിരുന്നില്ല. 2019ല്‍ കൈമോശം വന്ന ചെറുകര പുളിങ്കാവിലുള്ള ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടെ മാലയാണ് വെള്ളിയാഴ്ച വീണ്ടും അവരുടെ കൈകളിലെത്തിയത്.

സുദീപയുടേതിനേക്കാള്‍ നാലുവർഷത്തിലേറെയായി ഇത് കൈവശം വെച്ച്‌ ഉടമയെ കാത്തിരുന്ന അങ്ങാടിപ്പുറം മേലേ അരിപ്രയിലെ മാമ്ബ്ര നരിമണ്ണില്‍ അൻവർ ഷമീമിനാണ് ഏറെ ആശ്വാസം. സെയില്‍സ് ജോലിക്കാരനായ ഷമീമിന് 2019ല്‍ കോവിഡ് കാലത്ത് പരിയാപുരം മില്ലിൻപടിയില്‍ റോഡില്‍നിന്നാണ് വാഹനം കയറി ഞളുങ്ങിയ നിലയില്‍ രണ്ടു പവന്റെ സ്വർണമാല കിട്ടുന്നത്. അടുത്തുള്ള കടയില്‍ നല്‍കി ഉടമകളാരെങ്കിലും വന്നാല്‍ തിരിച്ചുനല്‍കാൻ ഏല്‍പ്പിച്ചു.

പത്തുദിവസം ആരും വരാതായതോടെ ഷമീം സമൂഹമാധ്യമങ്ങളില്‍ അറിയിപ്പിട്ടു. പല ആളുകളും വിളിച്ചെങ്കിലും പറഞ്ഞ അടയാളം ഒത്തുവന്നില്ല. നാലുവർഷം പിന്നിട്ടതോടെ ഇനി ആരും വരാനുണ്ടാവില്ലെന്ന് കരുതിയിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്.

ഒരാഴ്ച മുമ്ബ് സാമൂഹിക പ്രവർത്തകൻ താമരത്ത് ഹംസു ഈ അറിയിപ്പ് അദ്ദേഹത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. ഇത് കണ്ടാണ് സുദീപ തിരക്കി വിളിച്ചത്. നാലുവർഷം മുമ്ബ് ഭർത്താവുമൊത്ത് സ്കൂട്ടറില്‍ പുളിങ്കാവില്‍നിന്ന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തപ്പോഴാണ് താലിമാല നഷ്ടപ്പെട്ടതെന്ന് സുദീപ പറഞ്ഞു.

മാല മസ്കത്തില്‍നിന്നും താലി പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയില്‍നിന്നും വാങ്ങിയതാണ്. മാല വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എസ്.എച്ച്‌.ഒ എ. പ്രേംജിത്ത് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അൻവർ ഷമീം സുദീപക്ക് കൈമാറി.