വേദനയുടെ ലോകത്ത് ഒരു രാത്രി: ഒടുവില്‍ ലിജോ ആശുപത്രിയില്‍

പയ്യന്നൂർ: ട്രെയിനില്‍നിന്ന് വീണ് ഗുരുതര പരിക്കോടെ വയലില്‍ കിടന്ന യുവാവിനെ 12 മണിക്കൂറിനു ശേഷം ആശുപത്രിയിലെത്തിച്ചു.വെള്ളിയാഴ്ച രാത്രി ഏഴോടെ ട്രെയിനില്‍നിന്ന് വീണ യുവാവിനെയാണ് ശനിയാഴ്ച രാവിലെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊല്ലം കരുനാഗപ്പള്ളിയിലെ തുണ്ടുവിള വീട്ടില്‍ ലിജോ (32)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെ വാതിലിന് സമീപമിരുന്ന് ഉറങ്ങിപ്പോയ ലിജോ തൃക്കരിപ്പൂരിനും പയ്യന്നൂരിനും ഇടയിലാണ് വീണത്. വിവരമറിഞ്ഞ് രാത്രി തന്നെ പൊലീസും അഗ്നി രക്ഷാ സേനയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചെറുവത്തൂർ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോയ, മാവേലി എക്സ്പ്രസില്‍നിന്നും ,ചെറുവത്തൂരിനും പയ്യന്നൂരിലും ഇടയില്‍ ഒരാള്‍ അബദ്ധത്തില്‍ വീണതായും റെയില്‍പാളത്തിന്റെ സമീപത്തുള്ളവർ രക്ഷാപ്രവർത്തനം നടത്തണമെന്നുമുള്ള അറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല.

പാളത്തിന് സമീപത്തെ വയലിലേക്ക് വീണ ലിജോ അബോധാവസ്ഥയിലായതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. രാവിലെ ബോധം വന്നപ്പോള്‍ നിരങ്ങി നീങ്ങി വയലിന് സമീപത്തെ വീട്ടിലെത്തി കുടിവെള്ളം ചോദിച്ചപ്പോഴാണ് വീട്ടുകാർ പരിക്കേറ്റ ലിജോയെ കണ്ടത്. ഉടൻ അഗ്നി രക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തൃക്കരിപ്പൂർ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ആംബുലൻസില്‍ പരിയാരം കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചു. ലിജോക്ക് തലക്കാണ് പരിക്ക്. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.