നിരത്തില്‍ നിയമലംഘനം; 16.23 ലക്ഷം രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ്

കോട്ടക്കല്‍: ചരക്കുവാഹനങ്ങളും ടിപ്പർ ലോറികളും അപകടങ്ങള്‍ ഉണ്ടാക്കുന്നെന്നതടക്കമുള്ള വാർത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടർപരിശോധനയില്‍ 965 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ല എൻഫോഴ്സ്മെന്റ്.

16,23,400 രൂപ പിഴയാണ് ഈടാക്കിയത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ പെർമിറ്റ്‌ ഇല്ലാത്ത മൂന്ന് സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു. മൂന്നുലക്ഷത്തോളം രൂപ നികുതിയടക്കാൻ നോട്ടീസ് നല്‍കി. പതിനാലിനകം നികുതിയടക്കാത്ത പക്ഷം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ചരക്കുവാഹനങ്ങളിലും ടിപ്പർ ലോറികളിലും ഒരാഴ്ചയായി നടത്തിയ പരിശോധനയില്‍ ഫിറ്റ്നസ് ഇല്ലാത്ത (62), പെർമിറ്റ്‌ ഇല്ലാത്തവ(23), ഇൻഷുറൻസ് ഇല്ലാത്തവ(84), നികുതി അടക്കാത്തവ (143) വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. സ്കൂള്‍ സമയത്ത് സർവിസ് നടത്തിയ 32 വാഹനങ്ങളും പിഴയില്‍ കുടുങ്ങി. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശപ്രകാരമായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അരുണ്‍, അസൈനാർ, പ്രമോദ് ശങ്കർ, ബിനോയ്‌ കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ സലീഷ്, മനോഹരൻ, രാജേഷ്, അജീഷ്, അബ്ദുല്‍ കരീം, ഷൂജ മാട്ടട, വിഷ്ണു വിജയ്, അബിൻ ചാക്കോ, വിജീഷ്, പ്രേംകുമാർ എന്നിവർ നേതൃത്വം നല്‍കി.

പരിശോധന വിനോദയാത്ര ബസുകളിലേക്കും

കോട്ടക്കല്‍: നിയമത്തിന് പുല്ലുവില നല്‍കി സ്കൂള്‍, കോളജുകളില്‍നിന്ന് വിനോദയാത്ര പോകുന്ന ബസുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍, മോട്ടോർ കാബുകള്‍ എന്നിവക്കെതിരെ ജില്ലയില്‍ വ്യാപക പരിശോധന ആരംഭിക്കുമെന്ന് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.