അഴിമതി കേസില്‍ നാലുപേര്‍ക്ക് ശിക്ഷ

തിരുവനന്തപുരം: മൂന്ന് അഴിമതി കേസുകളില്‍ നാല് പേർക്ക് തടവ് ശിക്ഷ. തൃശൂർ പുത്തുർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം ഓമന ജോണ്‍, കണ്ണൂർ തുണ്ടിയില്‍ റബ്ബർ ആൻഡ് അഗ്രികള്‍ച്ചറല്‍ മാർക്കറ്റിങ് സൊസൈറ്റി ഡിപ്പോ മാനേജർ പി.പി.ജോയി, കണ്ണൂർ ചാവശ്ശേരി വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെയാണ് പണാപഹരണ കേസുകളില്‍ ശിക്ഷിച്ചത്.

2002-2003 ല്‍ തൃശൂർ ജില്ലയിലെ പുത്തുർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയായിരുന്ന പുരുഷോത്തമനെയും ഡയറക്ടർ ബോർഡ് അംഗമായ ഓമന ജോണിയെയും സ്ഥിര നിക്ഷേപകർക്ക് സമ്മാനമായി ബാഗും, സ്യൂട്ട് കേസുകളും നല്‍കുന്നതിന്റെ വൗച്ചറുകളില്‍ തിരിമറി നടത്തി 88,000 രൂപ അപഹരിച്ചതില്‍ തൃശൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരുവരെയും മൂന്ന് വർഷം വീതം കഠിന തടവിനും, 3,30,000 രൂപ വീതം പിഴ ഒടുക്കുന്നതിനും തൃശൂർ വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചു.

തൃശൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി കെ.എ. ജോർജ് രജിസ്റ്റർ ചെയ്ത്, മുൻ ഡി.വൈ.എസ്.പി മാത്യു രാജ് കള്ളിക്കാടൻ അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതികളായ സെക്രട്ടറിയായിരുന്ന പുരുഷോത്തമനെയും ഡയറക്ടർ ബോർഡ് അംഗമായ ഓമന ജോണിയെയും കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ ഹാജരായി.

2003- 2004 ല്‍ കണ്ണൂർ ജില്ലയിലെ തുണ്ടിയില്‍ കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികള്‍ച്ചറല്‍ മാർക്കറ്റിങ് സൊസൈറ്റിയുടെ ഡിപ്പോ മാനേജറായിരുന്ന പി.പി. ജോയ് സൊസൈറ്റിയുടെ 80,607.20 രൂപ വെട്ടിപ്പ് നടത്തി. ഇതില്‍ കണ്ണൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നല്‍കിയ കേസിലാണ് പ്രതിയായ ജോയിയെ ഒരു വർഷം കഠിന തടവിനും, 50,000 രൂപ പിഴ ഒടുക്കുന്നതിനും തലശ്ശേരി വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചു.

കണ്ണൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി ദാമോദരൻ.എം 2007-ല്‍ രജിസ്റ്റർ ചെയ്ത്, ഇൻസ്പെക്ടറായ എ.വി. പ്രദീപ് അന്വേഷണം നടത്തി, ഡി.വൈ.എസ്.പി യായിരുന്ന എം.സി.ദേവസ്യ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ജോയ് കുറ്റക്കാരനാണെന്ന് തലശ്ശേരി വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാ കുമാരി ഹാജരായി.

കണ്ണൂർ ജില്ലയിലെ ചാവശ്ശേരി വില്ലേജ് ഓഫീസ്സിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന രജീഷിനെ ഭൂനികുതി അടക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ തലശ്ശേരി വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് ശിക്ഷിച്ചു.

2013-ല്‍ കണ്ണൂർ ജില്ലയിലെ ചാവശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന രജീഷിനെ ചാവശ്ശേരി സ്വദേശിയായ പരാതിക്കാരന്റെ കുടിശ്ശിക വന്ന ഭൂനികുതി അടച്ചുനല്‍കുന്നതിന് 2,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 2013 ഫെബ്രുവരി രണ്ടിന് ചാവശ്ശേരി വില്ലേജ് ഓഫീസില്‍ വച്ച്‌ കൈക്കൂലി വാങ്ങവെ കണ്ണൂർ വിജിലൻസ് കൈയോടെ പിടികൂടി.

ഈ കേസില്‍ ഇൻസ്പെക്ടർമാരായിരുന്ന ടി.പി. ശ്രീജിത്ത് അന്വേഷണം നടത്തി. ഡി.വൈ.എസ്.പി സുനില്‍ ബാബു കോളോതുംകണ്ടി കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ ഒരു വർഷം തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാ കുമാരി ഹാജരായി.