രണ്ടുവയസ്സുകാരന്‍ ഡെ കെയറില്‍നിന്ന് പുറത്തുപോയ സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു
നേമം: രണ്ടുവയസ്സുകാരന്‍ ഡെ കെയറില്‍നിന്ന് പുറത്തുപോയ സംഭവത്തില്‍ അധ്യാപകരെ അധികൃതര്‍ പിരിച്ചുവിട്ടു. വി.എസ്.ഷാന, റിനു ബിനു എന്നിവരെയാണ് പിരിച്ചുവിട്ടത്. കാക്കാമൂല കുളങ്ങര സുഷസില്‍ ജി. അര്‍ച്ചന-സുധീഷ് ദമ്ബതികളുടെ മകന്‍ അങ്കിത് സുധീഷാണ് ഡെ കെയറില്‍നിന്ന് വീട്ടിലെത്തിച്ചേര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കാക്കാമൂലയിലെ ഡെ കെയറില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കുട്ടിയുടെ വീട്. വീട്ടുകാരില്‍ നിന്നാണ് ഡെ കെയറുകാര്‍ കുട്ടി വീട്ടിലെത്തിയ വിവരമറിയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ടി.എ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ജീവനക്കാരില്‍ മൂന്നുപേര്‍ ഒരു കല്യാണത്തിന് പോയിരുന്നതിനാല്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കുട്ടി ഒറ്റക്ക് നടന്നും ഓടിയും വീട്ടിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്തുപോകാന്‍ അനുവാദമുള്ളത്. ഇത് ലംഘിച്ചതാണ് സംഭവത്തിന് കാരണമെന്ന വിലയിരുത്തലിലാണ് രണ്ട് പേര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിരിക്കുന്നത്. തുറന്നുകിടന്ന പുറത്തെ ഗേറ്റിലൂടെ കുട്ടി വീട്ടിലേക്ക് പോയത് അധികൃതരുടെ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.