പ്രധാനമന്ത്രി നരേന്ദ്ര മോദി വി.എസ്.എസ്.സിയില്‍; ഗഗൻയാൻ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെത്തി (വി.എസ്.എസ്.സി).വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരുടെ പേരുകള്‍ വി.എസ്.എസ്.സിയില്‍ നടക്കുന്ന ചടങ്ങില്‍ മോദി പ്രഖ്യാപിക്കും.
നാല് യാത്രികരും നേരത്തെ തന്നെ വി.എസ്.എസ്.സിയില്‍ എത്തിയിട്ടുണ്ട്. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയില്‍ പരിശീലനം പൂർത്തിയാക്കിയിരുന്നു. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വി.എസ്.എസ്.സിയിലെ ചടങ്ങുകള്‍ക്കുശേഷം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ഉച്ചക്ക് 1.20ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും. ബഹിരാകാശ യാത്രികരില്‍ നാലുപേരില്‍ ഒരാള്‍ മലയാളിയായ വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡറെന്നാണ് വിവരം. യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2025ലാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുത്ത നാലു വ്യോമസേന പൈലറ്റുമാരെ 2019ല്‍ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്‍ററില്‍ പരിശീലനത്തിന് അയച്ചിരുന്നു.
തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്‍.ഒയും ബംഗളൂരുവില്‍ പരിശീലനം നല്‍കിവരുകയാണ്. ഗഗന്‍യാന്‍ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. റോക്കറ്റുകളുടെ സഞ്ചാരത്തില്‍ വിവിധ വേഗങ്ങളില്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്ന ട്രൈസോണിക് വിൻഡ് ടണലിന്‍റെയും തമിഴ്നാട്ടിലെ മഹേന്ദ്രഗിരി ഐ.പി.ആർ.സിയില്‍ ഐ.എസ്.ആർ.ഒ തയാറാക്കിയ സെമി ക്രയോജനിക് ഇന്‍റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് സൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.