റേഷൻ വ്യാപാരികള്‍ക്ക്‌ ജനുവരിയിലെ കമീഷൻ 14.11 കോടി അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികള്‍ക്ക്‌ കമീഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.ജനുവരിയിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം ലഭ്യമാക്കിയതെന്ന് മന്ത്രി അറിയിച്ചു.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ നെല്ല്‌ സംഭരണത്തിന്റെ താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമീഷനും ചരക്ക്‌ നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശ്ശിക ആക്കിയിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ റേഷൻ വ്യാപാരി കമീഷൻ മുടങ്ങാതിരിക്കാനാണ്‌ സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചത്‌ -ബാലഗോപാല്‍ അറിയിച്ചു.

കോന്നി ചിറ്റൂർക്കടവ്‌ പാലത്തിനായി 12 കോടി അനുവദിച്ചു

കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവില്‍ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പദ്ധതിക്ക്‌ ധനാനുമതി നല്‍കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. അച്ചൻകോവില്‍ ആറിന്‌ കുറുകെയാണ്‌ പുതിയ പാലം നിർമ്മിക്കുന്നത്‌. ഇത്‌ കോന്നിയുടെ കിഴക്കൻ മേഖലയില്‍ മലയാലപ്പുഴ, സീതത്തോട്‌, തണ്ണിത്തോട്‌, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും.