പോസ്റ്റ് ഓഫിസ് കെട്ടിടത്തില്‍ സ്ത്രീയോട് അതിക്രമം; പ്രതി പിടിയില്‍

കരുനാഗപ്പള്ളി: പോസ്റ്റ് ഓഫിസ് കെട്ടിടത്തില്‍ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. തൊടിയൂർ വേങ്ങറ കാരക്കാവിളയില്‍ വിനോദാണ് (45) കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.

ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്‍റ് സ്ഥലം തൊടിയൂർ സ്വദേശിനി പണംകൊടുത്ത് വാങ്ങിയിരുന്നു. ഇത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്നാരോപിച്ച്‌ കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂർ പോസ്റ്റ് ഓഫിസില്‍വെച്ച്‌ സ്ത്രീയെ ഇയാള്‍ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫിസിന് ഉള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ ഇയാള്‍ വെട്ടിപ്പരിക്കേല്‍പിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്മാസ്റ്ററും മറ്റും ചേർന്ന് തടഞ്ഞു.

അസഭ്യം പറഞ്ഞുകൊണ്ട് സ്ത്രീയെ ആക്രമിച്ചതിനും പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ സരണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.