പിഞ്ചുകുഞ്ഞിനെ കൊന്ന സംഭവം: കാമുകന്റെമാതാപിതാക്കളും അറസ്റ്റില്‍
തിരൂർ: 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജഡം തൃശൂർ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍ നിക്ഷേപിച്ച സംഭവത്തില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍.
കുഞ്ഞിന്റെ മാതാവ് കടലൂർ
നെയ്‌വേലി സ്വദേശിനി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ എന്നിവർക്ക് പുറമേ ജയസൂര്യന്റെ മാതാപിതാക്കളായ കുമാർ, ഉഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ജയസൂര്യയും പിതാവും ചേർന്ന് മർദ്ദിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൂട്ടുനിന്നതിനും തെളിവ് നശിപ്പിച്ചതിനുമാണ് ശ്രീപ്രിയയേയും ഉഷയേയും അറസ്റ്റ് ചെയ്തത്. ഭർത്താവിനെ ഉപേക്ഷിച്ച ശേഷം തിരൂരിനടുത്ത പുല്ലൂരിലെ ക്വാർട്ടേഴ്സിലാണ് കാമുകനായ ജയസൂര്യക്കും മകനായ കളയരസനുമൊപ്പം ശ്രീപ്രിയ കഴിഞ്ഞിരുന്നത്. കാമുകനൊപ്പമുള്ള ജീവിതത്തിന് തടസമാകാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയെകണ്ടെത്താൻ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് തിരൂർ പുല്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്ന ശ്രീപ്രിയയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കിട്ടാഞ്ഞതിനെ തുടർന്ന് പൊലീസില്‍അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ശ്രീപ്രിയ കുറ്റം സമ്മതിച്ചത്.
മൃതദേഹം ഉപേക്ഷിച്ചത് മേല്പാലത്തിന്റെകോണിപ്പടിക്ക് തൊട്ടുതാഴെ
നൂറ് കണക്കിന് യാത്രികരും മറ്റും നിരന്തരം നടക്കുന്ന മേല്പാലത്തിലേക്ക് കയറുന്ന കോണിപ്പടിക്ക് തൊട്ടടുത്താണ് പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജഡം ഓടയില്‍ കിടന്നിരുന്നത്.
റെയില്‍വേസ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തില്‍ നിന്നും പ്‌ളാറ്റ്‌ഫോമിലേക്ക് കയറാനുള്ള മേല്‍പ്പാലത്തോട് ചേർന്നാണ് ഓടയുമുള്ളത്. ട്രെയിനിലെത്തിയ മാതാവ് ശ്രീപ്രിയ മേല്പാലത്തിലൂടെ കോണിപ്പടിയിറങ്ങിയെത്തി അവസാനത്തെ പടികളോട് ചേർന്നുള്ള ഓടയില്‍ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ബാഗ് കിടന്നിരുന്ന സ്ഥലത്തിന്റെ മുകള്‍ ഭാഗം കാട് പടർന്ന നിലയിലാണ്. ചെറിയ അരമതില്‍ പോലെ ഒരു ഭാഗവും ഇവിടെയുണ്ട്. പെട്ടെന്ന് ആരുടെയും കണ്ണില്‍പെടുന്ന ഇടമല്ല ഇത്. റെയില്‍വേ പൊലീസും മറ്റും ഈ പ്രദേശങ്ങളില്‍ പരിശോധന നടത്താറുള്ളതാണ്. പകല്‍ സമയങ്ങളില്‍ നിരന്തരം ആളുകള്‍ ഈ വഴി കടന്നു പോകാറുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഈ ഭാഗത്ത് ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.
മറ്റ് നടപടികള്‍ക്ക് ശേഷം വിശദമായി ചോദ്യം ചെയ്താലേ മറ്റ്കാര്യങ്ങള്‍ വെളിപ്പെടൂ.
കുറ്റബോധമില്ലാതെ മാതാവ് ശ്രീപ്രിയ
പൊലീസിനെ പലതവണ കുഴക്കിയ മൊഴികള്‍ നല്‍കിയ ശ്രീപ്രിയ അവസാനമാണ് റെയില്‍വേ സ്റ്റേഷന് സമീപം മൃതദേഹം തള്ളിയെന്ന് പറഞ്ഞത്. പലതവണ ഇവർ മൊഴി മാറ്റിയതിനാല്‍ പൂർണമായും വിശ്വാസത്തിലെടുത്തല്ല ഇവിടേക്കെത്തിച്ചത്. സ്ഥലം കാട്ടിക്കൊടുത്ത ശേഷം ശ്രീപ്രിയയെ മേല്‍പ്പാലത്തിന്റെ കോണിപ്പടിയില്‍ കയറ്റി ഇരുത്തി. മൃതദേഹം നടപ്പാതയിലേക്ക് എടുത്തു വച്ചപ്പോളും അതേ ഇരിപ്പായിരുന്നു. പിന്നെ കുറെ നേരം തലകുമ്ബിട്ടിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയത്.