കുട്ടിക്കാലം തൊട്ട് ആരോഗ്യപ്രശ്നങ്ങള്‍;ആനന്ദ് അംബാനിയുടെ പ്രസംഗത്തില്‍ കണ്ണുനിറഞ്ഞ് മുകേഷ് അംബാനി

അംബാനി കുടുംബത്തില്‍ വിവാഹ പൂർവ ആഘോഷങ്ങള്‍ തകർക്കുകയാണ്. ആനന്ദ് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ നാളുകള്‍ക്കുമുമ്ബേ തുടങ്ങിയതാണ്.

ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നിന്നുള്ള ആനന്ദ് അംബാനിയുടെ പ്രസംഗമാണ് വൈറലായിരിക്കുന്നത്. മകന്റെ പ്രസംഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിക്കുന്ന മുകേഷ് അംബാനിയേയും വീഡിയോയില്‍ കാണാം.

കുട്ടിക്കാലത്തെ ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച്‌ പറഞ്ഞുതുടങ്ങിയ ആനന്ദ് അംബാനി മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയേക്കുറിച്ചും പങ്കുവെച്ചു. തനിക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്ത കുടുംബമാണ് തന്റേതെന്നു പറഞ്ഞ ആനന്ദ് അംബാനി ജീവിതത്തില്‍ പലകാര്യങ്ങളും അത്ര എളുപ്പമായിരുന്നില്ലെന്നും പറയുകയാണ്. കുട്ടിക്കാലംമുതല്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാണ് തനിക്കുണ്ടായിരുന്നത്, പക്ഷേ ആ യാത്രയിലുടനീളം തന്റെ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ടായിരുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ചെയ്തത് അമ്മ നിത അംബാനിയാണെന്നും ആനന്ദ് പറയുന്നുണ്ട്. നാലുമാസത്തോളമായി ദിവസവും പതിനെട്ടും പത്തൊമ്ബതും മണിക്കൂറുകള്‍ ഒരുക്കങ്ങള്‍ക്കായി നീക്കിവെച്ചയാളാണ് അമ്മ. രണ്ടുമൂന്നുമാസമായി കുടുംബത്തിലെ എല്ലാവരും മൂന്നുമണിക്കൂറില്‍ കുറവാണ് ഉറങ്ങിയിട്ടുള്ളത്.

രാധികയെ വധുവായി ലഭിക്കുന്ന താൻ ഭാഗ്യവാനാണെന്നും ആനന്ദ് പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പരിചയമുണ്ടെങ്കിലും ഇന്നലെ കണ്ടതുപോലെയാണ് തോന്നാറുള്ളതെന്നും ആനന്ദ് പറഞ്ഞു.

പ്രീ വെഡ്ഡിങ് ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെലിബ്രിറ്റി അതിഥികള്‍ ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാർച്ച്‌ മൂന്നു വരെ നടക്കുന്ന പരിപാടി ജാംനഗറിലെ റിലയൻസിന്റെ ടൗണ്‍ഷിപ്പിലാണ് നടക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ ഗ്രീൻ ടൗണ്‍ഷിപ്പ്.

ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇതിന് മുന്നോടിയായി ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും ആനന്ദിന്റേയും രാധികയുടേയും കുടുംബം നടത്തിയിരുന്നു.

ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍ത്താനി, ഓസ്ട്രേലിയ, കാനഡ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ മുൻ പ്രധാനമന്ത്രിമാർ, മുൻ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാൻകാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്സ്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരൊക്കെ അതിഥികളില്‍പ്പെടുന്നു. സച്ചിൻ തെണ്ടുല്‍ക്കർ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാനടക്കമുള്ള ബോളിവുഡ് താരങ്ങളും ജാംനഗറിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. പോർ ഇറ്റ് അപ്, വൈല്‍ഡ് തിങ്സ്, ഡയമണ്ട്സ് തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം റിഹാനയും സംഘവും വേദിയില്‍ തകർത്താടി. ഏകദേശം 66-74 കോടി രൂപയാണ് റിഹാനയെ ചടങ്ങിലെത്തിക്കാൻ അംബാനി കുടുംബം ചെലവഴിച്ചത്. രണ്ട് ദിവസം മുമ്ബ് റിഹാന ജാംനഗറില്‍ വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോയും റിഹാനയുടെ ലഗേജുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം എയർബസിലാണ് താരം പറന്നിറങ്ങിയത്. അർജിത് സിങ്ങ്, ദില്‍ജിത് ദോസാൻജ്, പ്രീതം, ഹരിഹരൻ എന്നിവരുടെ പരിപാടികളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും.

ജാംനഗറിലെ വിമാനത്താവളത്തിന് താത്കാലികമായി അന്താരാഷ്ട്രപദവിയും നല്‍കിയിട്ടുണ്ട്. വിദേശ അതിഥികളുടെ സ്വകാര്യവിമാനങ്ങള്‍ വരുന്നത് പരിഗണിച്ച്‌ പത്തുദിവസത്തേക്കാണ് ഈ പദവി. മൂന്ന് വിമാനങ്ങള്‍മാത്രം സർവീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തിയത്. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്.

വ്യത്യസ്ത തീമുകളെ ആസ്പദമാക്കിയാണ് പ്രീ വെഡ്ഡിങ് ആഘോഷം. എവർലാൻഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. എലഗന്റ് കോക്ക്ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. രണ്ടാം ദിനം ജംഗിള്‍ ഫീവർ തീമിലുള്ള ഡ്രസ്സ് കോഡായിരിക്കും. പിന്നാലെ സൗത്ത് ഏഷ്യൻ ഔട്ട്ഫിറ്റിലും ആഘോഷം നടക്കും. അതിഥികള്‍ക്കായി ഹെയർസ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവരേയും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 51,000 ഗ്രാമവാസികള്‍ക്ക് അംബാനിയുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ് അംബാനി കുടുംബം അന്ന സേവ നടത്തിയത്. മുകേഷ് അംബാനി, ആനന്ദ് അംബാനി, രാധിക മെർച്ചന്റ്, വീരേൻ മെർച്ചന്റ്, ഷൈല മെർച്ചന്റ് എന്നിവർ ഗുജറാത്തി പരമ്ബരാഗത അത്താഴ വിഭവങ്ങള്‍ വിളമ്ബി. പ്രശസ്ത ഗുജറാത്തി ഗായകൻ കീർത്തിദൻ ഗാധ്വിയുടെ പരമ്ബരാഗത നാടോടി സംഗീത വിരുന്നും ഒരുക്കിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവാഹം നടക്കുക. ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.