വിഷം ഉള്ളില്‍ച്ചെന്ന വിദ്യാര്‍ഥി മരിച്ചു; സ്കൂളിന്റെപേരില്‍ പരാതി

ഉപ്പുതറ (ഇടുക്കി): വിഷം ഉള്ളില്‍ച്ചെന്ന എട്ടാംക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണ് മരിച്ചത്.

ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലരയോടെയാണ് അനക്സ് വിഷം കഴിച്ചത്.

വീട്ടുകാർ വിവരമറിഞ്ഞത് ആറരയോടെയാണ്. ഉപ്പുതറ കമ്യൂണിറ്റി സെന്ററിലും, തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കേ ശനിയാഴ്ച വൈകീട്ട് ആറോടെ മരിച്ചു.

ഉപ്പുതറ സ്വകാര്യസ്കൂളിലെ വിദ്യാർഥിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി മത്തായിപ്പാറ ഒമേഗ ഫെലോഷിപ്പ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. അമ്മ: അമ്ബിളി. സഹോദരി അജീഷ ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.

ബീഡി കൈവശം വെച്ചതിന് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് അനക്സ് വിഷം കഴിക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവം നടന്നയുടൻ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഫെബ്രുവരി അഞ്ചിന് അനക്സിന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ ഒരുകൂട് ബീഡി അധ്യാപകർ കണ്ടെത്തിയിരുന്നെന്നും, വീട്ടുകാരെ വിളിച്ചുവരുത്തി വിവരമറിയിച്ച്‌ അവരോടൊപ്പം കുട്ടിയെ പറഞ്ഞയയ്ക്കുകയായിരുന്നു എന്നും സ്കൂളധികൃതർ പറഞ്ഞു.

കൂട്ടുകാരൻ ഏല്‍പ്പിച്ചതാണ് ബീഡിയെന്ന് അനക്സ് പറഞ്ഞിരുന്നു. തുടർന്ന്, ആ കുട്ടിയുടെ രക്ഷിതാക്കളെയും സ്കൂളില്‍ വരുത്തി വിവരമറിയിച്ചെന്നും അധികൃതർ പറഞ്ഞു. വൈക്കം ജുഡീഷ്യല്‍ മജിസ്ട്രേട്ട്, ആശുപത്രിയിലെത്തി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് ലഭിച്ചാലേ കാരണം വ്യക്തമാകൂ എന്ന് ഉപ്പുതറ പോലീസ് പറഞ്ഞു. ഇതിനുശേഷം, ആവശ്യമെങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.