ചക്രക്കസേരയിലെ വര്‍ണലോകം

ശ്രീകണ്ഠപുരം: സ്വപ്ന ലോകം ചക്രക്കസേരയിലിരുന്ന് വർണങ്ങളാല്‍ വിതറുകയാണ് അഞ്ജലി സണ്ണി. ശ്രീകണ്ഠപുരം കൊട്ടൂർ വയലിലെ ഞാറോലിക്കല്‍ അഞ്ജലി സണ്ണിയാണ് വേദനയെ മറന്ന് പ്രതീക്ഷയുടെ ലോകത്ത് കുതിക്കുന്നത്.

പരിധിയില്ലാത്ത കാടിന്റെ പച്ചപ്പും മലമടക്കുകളും ആകാശത്തെ കവരാനൊരുങ്ങുന്ന തിരമാലകളും സ്വന്തം വിരല്‍തുമ്ബില്‍ വർണങ്ങളാല്‍ വിരിയിക്കുമ്ബോള്‍ അഞ്ജലിക്കുണ്ടാവുന്ന സന്തോഷം ഏറെയാണ്. മറ്റുള്ളവർക്കും, കൂടാതെ തന്നെപ്പോലുള്ളവർക്കും പ്രതീക്ഷയുടെ ലോകം സമ്മാനിക്കുകയാണ് അഞ്ജലി. ജന്മനാ മസിലുകള്‍ക്ക് തളർച്ചയുണ്ടായിരുന്നു. ശ്രീകണ്ഠപുരം പഴയങ്ങാടി ഗവ.യു.പി സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അസുഖം പിടിപെട്ടതായി അറിയുന്നത്. ജീവിതതാളം തെറ്റുന്നതായി അവർ തിരിച്ചറിഞ്ഞു. അതിനകം ജീവിതത്തിന്റെ ഭാഗമായി മാറിയ സംഗീതം കൈവിരല്‍ കീബോർഡില്‍ നിന്നകന്നതോടെ താളപ്പിഴയിലേക്ക് നീങ്ങി. പിതാവ് സണ്ണിയും മാതാവ് ബിൻസിയും സഹോദരങ്ങളായ അബിലും ആഷ്ലിയുമായിരുന്നു കൂടെ നിന്ന് കൈ പിടിച്ചത്. ക്രമേണ മസ്കുലർ ഡിസ്ട്രോഫിയാണ് ശരീരഭാഗങ്ങളെ തളർത്തുന്നതായറിഞ്ഞത്.

അഞ്ജലി സണ്ണി ചക്രക്കസേരയില്‍

പല തവണ പകച്ചെങ്കിലും മനോധൈര്യം ഈ കുടുംബത്തിന് കൂട്ടായി. തുടർന്ന് അഞ്ജലിയുടെ സ്കൂള്‍ യാത്ര ഓട്ടോയില്‍. പിന്നാലെ ചക്രക്കസേരയിലേക്ക്. സ്കൂള്‍ കാലത്ത് കൂട്ടുകാരിയായിരുന്ന ലിനി എല്ലാത്തിനും കൂട്ടായി ഒപ്പമെത്തി. പ്ലസ് ടു പഠനശേഷം വേർപിരിഞ്ഞെങ്കിലും ഡിഗ്രി പഠന കാലത്ത് ലിനി തിരികെയെത്തി. ക്ലാസിലെത്തിക്കാനും തിരികെയിറക്കാനും ലിനി വീണ്ടും അഞ്ജലിക്ക് താങ്ങായി. അങ്ങിനെ ബി.ബി.എ പൂർത്തിയാക്കി. അക്രിലിക്ക് ചിത്രങ്ങള്‍ക്ക് പിന്നാലെ ഗ്രാഫിക് ഡിസൈനുകളിലും അഞ്ജലി തിളങ്ങി. അക്കൗണ്ടിങ്ങില്‍ കഴിവുണ്ടായതിനാല്‍ നിരവധി കമ്ബനികള്‍ ജോലിക്ക് വിളിച്ചു. രണ്ടര വർഷം ജോലി ചെയ്തു. പിന്നീട് അതും നിർത്തേണ്ടി വന്നു. പിന്നീട് വീണ്ടും വരയിലേക്ക്. ബംഗളൂരുവില്‍ നടന്ന ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട്ട് ഫോർ ഇൻക്ലൂഷൻ ഫെലോഷിപ്പിലേക്ക് തെരഞെടുക്കപ്പെട്ട 11 പേരില്‍ ഏക മലയാളിയാണ് വര പഠിച്ചിട്ടില്ലാത്ത അഞ്ജലി.