മകള്‍ക്ക് ലാപ്ടോപ് വാങ്ങാൻ പണമില്ല; ആത്മഹത്യ ചെയ്യാനെത്തിയ വയോധികന് നാടിന്റെ കൈത്താങ്ങ്
ഷൊർണൂർ: ബി.എഡിന് പഠിക്കുന്ന മകള്‍ക്ക് ലാപ്ടോപ് വാങ്ങി നല്‍കാൻ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനെത്തിയ പിതാവിനെ ഷൊർണൂർ റെയില്‍വേ പൊലീസിന്റെയും റെയില്‍വേ സംരക്ഷണ സേനയുടെയും സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തി.
ലാപ്ടോപും വാങ്ങിനല്‍കി. വ്യാഴാഴ്ച പുലർച്ചെ ഷൊർണൂർ റെയില്‍വേ പൊലീസിന് ഒരു യുവതിയുടെ വിഡിയോ സന്ദേശം കാസർകോട് പൊലീസില്‍നിന്ന് ലഭിച്ചതോടെയാണ് സംഭവം തുടങ്ങുന്നത്. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിറങ്ങിയ പിതാവിനെ കണ്ടെത്തി രക്ഷിക്കണമെന്ന് അപേക്ഷിച്ചായിരുന്നു ആ സന്ദേശം.
പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഷൊർണൂർ ടവറിന് കീഴിലുണ്ടെന്ന കണ്ടെത്തലില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെത്തന്നെ, ഷൊർണൂർ റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്ബർ പ്ലാറ്റ്ഫോമില്‍നിന്ന് വയോധികനെ കണ്ടെത്തി. ചോദ്യംചെയ്യലില്‍ വിഡിയോ സന്ദേശമയച്ച യുവതിയുടെ പിതാവാണെന്ന് സ്ഥിരീകരിച്ചു.
ബി.എഡിന് പഠിക്കുന്ന മകള്‍ക്ക് ലാപ്ടോപ് വാങ്ങി നല്‍കാൻ കഴിയാത്ത മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ഷൊർണൂരിലെത്തിയതെന്ന് കാസർകോട്ട് നിന്നെത്തിയ ഇയാള്‍ വ്യക്തമാക്കി. പെട്രോള്‍ പമ്ബില്‍ ജോലി ചെയ്യുന്ന തനിക്ക് 500 രൂപയാണ് കൂലിയെന്നും, ഇത് വീട്ടുചെലവിനുപോലും തികയില്ലെന്നും പറഞ്ഞു.
തുടർന്നാണ് പൊലീസും സുമനസ്സുകളായ ചിലരും പിരിവെടുത്ത് 40,000 രൂപയുടെ ലാപ്ടോപ് വാങ്ങി നല്‍കിയത്. വയോധികൻ ഷൊർണൂരിലുണ്ടെന്നറിഞ്ഞ് ബന്ധുക്കളുമെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ ലാപ്ടോപ് കൈമാറുകയും, വയോധികനെ ഇവരോടൊപ്പം അയക്കുകയും ചെയ്തു.