ബസ് യാത്രക്കാരന് തേളിന്റെ കുത്തേറ്റു; രക്ഷക്കെത്തി ഹോട്ടലുടമ
മംഗളൂരു: കർണാടക ആർ.ടി.സി ബസ് യാത്രക്കാർക്ക് ആഹാരം കഴിക്കാൻ നിർത്തിയ വേളയില്‍ തേളിന്റെ കുത്തേറ്റയാള്‍ക്ക് ഹോട്ടല്‍ ഉടമയുടെ പ്രഥമശുശ്രൂഷ തുണയായി.
ദക്ഷിണ കന്നട ജില്ലയില്‍ സമ്ബാജെയിലെ ഇന്ത്യ ഗേറ്റ് ഹോട്ടല്‍ ഉടമയും എസ്.കെ.എസ്.എസ്.എഫ് വിഖായ വളന്റിയറുമായ താജുദ്ദീൻ ടാർലി നടത്തിയ തത്സമയ ഇടപെടലാണ് ശിവമൊഗ്ഗയിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ബി.എസ്. പ്രദീപ് കുമാറിന് രക്ഷയായത്.
പുത്തൂരില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ബസില്‍ യാത്രക്കാരനായിരുന്ന തനിക്ക് ഈ മാസം രണ്ടിനുണ്ടായ അനുഭവം മറക്കാനാവില്ലെന്ന് പ്രദീപ് കുമാർ പറഞ്ഞു. തേളിന്റെ കുത്തേറ്റ് പിടഞ്ഞ ആ നേരം പ്രഥമശുശ്രൂഷ വലിയ ആശ്വാസമാണ് നല്‍കിയത്. വിശ്രമം കഴിഞ്ഞ് പ്രദീപ് താജുദ്ദീനെ നന്ദി അറിയിക്കാൻ സമ്ബാജെയില്‍ ഹോട്ടലില്‍ എത്തി.
എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഭിച്ച പ്രത്യേക പരിശീലനമാണ് പ്രദീപിന് പ്രഥമ ശുശ്രൂഷ നല്‍കാൻ സഹായകമായതെന്ന് താജുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തന്റെ ഹോട്ടലിന് മുന്നിലാണ് ബസ് നിർത്തിയത്. തേള് കുത്തിയതറിഞ്ഞയുടൻ സന്നദ്ധ പ്രവർത്തന ഭാഗമായി പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. ശേഷം ഹോട്ടല്‍ ജീവനക്കാരൻ ഇർഫാന്റെ ബൈക്കില്‍ പ്രദീപനെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
മടിക്കേരി ജില്ല ആശുപത്രിയില്‍ തുടർചികിത്സ നല്‍കാം എന്നാണ് ബസ് ഡ്രൈവർ നിർദേശിച്ചതെങ്കിലും താൻ ആംബുലൻസ് ഏർപ്പാട് ചെയ്ത് എത്രയും വേഗം സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയില്‍ വിഷം ഇറങ്ങിയതായി ഡോക്ടർമാർ പ്രദീപ് കുമാറിനെ അറിയിച്ചു.
24 മണിക്കൂർ അവിടെ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ആശുപത്രി വിട്ടു. പ്രദീപ് കുമാർ പൂർണ ആരോഗ്യവാനാണെന്ന് ബന്ധുക്കളായ ഡോക്ടർമാരും അറിയിച്ചതിനെത്തുടർന്നാണ് സന്തോഷം പങ്കിടാൻ താജുദ്ദീനെ തേടി എത്തിയത്.