കെ റെെസ് വിപണിയിലേക്ക്; കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കമ്ബോളങ്ങളില്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് കെ റെെസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി കെ ബ്രാൻഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രാൻഡ് ചെയ്യുന്ന അഞ്ച് കിലോ അരി സപ്ലൈകോ വിതരണം ചെയ്യുമ്ബോള്‍ ബ്രാൻഡ് ചെയ്യാത്ത മറ്റ് അഞ്ച് കിലോ അരിയും ലഭിക്കുമെന്ന പ്രത്യേകതയും ഇതിന് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 40 രൂപയോളം ചെലവഴിച്ചാണ് സംസ്ഥാന സർക്കാ‌ർ ഈ അരി വാങ്ങുന്നത്. ഇത് ജനങ്ങള്‍ക്ക് 29 – 30 രൂപയ്ക്കാണ് നല്‍കുന്നത്. അതായത് ഓരോ കിലോയ്ക്കും 10 രൂപ മുതല്‍ 15 വരെ സബ്സിഡി വരുന്നുണ്ട്. അങ്ങനെയാണ് ഫലപ്രദമായ വിപണി ഇടപെടല്‍ ഉറപ്പ് വരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് കേരളത്തിനുള്ള പ്രധാന പ്രത്യേകത സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനമാണ്. അതുകൊണ്ട് തന്നെ നമ്മുക്ക് ആവശ്യമായ ഭക്ഷ്യധാന്യം ഇവിടെ ഉല്‍പാദിപ്പിക്കാൻ കഴിയുന്നില്ല. എന്നാല്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലൂടെ വലിയ രീതിയില്‍ രാജ്യത്തിന് വിദേശ നാണ്യം നേടി കൊടുക്കുന്ന സംസ്ഥാനമെന്ന നിലയ്ക്ക് സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ കുറവ് ഞങ്ങള്‍ നികത്തുമെന്നാണ് നേരത്തെ കേന്ദ്ര ഗവണ്‍മെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ പാലിക്കുന്നില്ല. പകരം ലഭിച്ചിരുന്ന ഭാക്ഷ്യധാന്യം പോലും വെട്ടിക്കുറയ്കുകയാണ് ചെയ്യുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന് ശേഷം ഭക്ഷ്യധാന്യം നല്‍കുന്നതില്‍ രണ്ട് ലക്ഷം ടണിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു.