ക്യാൻസര്‍ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 7 ലക്ഷണങ്ങള്‍

കാൻസർ ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗമാണ്. അർബുദം നേരത്തെ കണ്ടെത്തുന്നത് രോഗം ഭേദമാക്കാൻ സഹായിക്കും. പതിവായി കാൻസർ പരിശോധനകളും സ്ക്രീനിംഗുകളും നടത്തുന്നത് ഗർഭാശയ അർബുദം, വൻകുടല്‍ ക്യാൻസർ തുടങ്ങിയവ നേരത്തെ തിരിച്ചറിയാൻ കണ്ടെത്താനാകും.സാധാരണയായി അവഗണിക്കപ്പെടുന്ന ചില ക്യാൻസർ ലക്ഷണങ്ങളെക്കുറിച്ചാണ് താഴേ പറയുന്നു…

ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…

ഒന്ന്…

വേഗത്തില്‍ ശരീരഭാരം കുറയുകയോ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കുകയോ ചെയ്യു‌ന്നുണ്ടെങ്കില്‍ അത് ക്യാൻസറിൻ്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം അല്ലെങ്കില്‍ അന്നനാളത്തിലെ അർബുദം എന്നിവയില്‍ ഭാരം കുറയുന്നതായി കണ്ട് വരുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.

രണ്ട്…

ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തിട്ടും ക്ഷീണം അനുഭവപ്പെടുന്നത് ക്യാൻസറിൻ്റെ മറ്റൊരു ലക്ഷണമാകാം. വയറ്റിലെ ക്യാൻസർ, രക്താർബുദം, വൻകുടലിലെ കാൻസർ എന്നിവയ്ക്ക് ക്ഷീണം ഉണ്ടാകാറുണ്ട്.

മൂന്ന്…

മുറിവ് ഉണങ്ങുന്നില്ലെങ്കില്‍ അത് സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാകാം. വായില്‍ നീണ്ടുനില്‍ക്കുന്ന വ്രണം വായിലെ ക്യാൻസറിൻ്റെ ലക്ഷണമായി പഠനങ്ങള്‍ പറയുന്നു.

നാല്…

നിരന്തരമായ ചുമ അല്ലെങ്കില്‍ പരുക്കൻ ശബ്ദമാണ് മറ്റൊരു ലക്ഷണം. ആഴ്ചകളോ മാസങ്ങളോ തുടർച്ചയായി ചുമ നില്‍ക്കുകയാണെങ്കില്‍ അത് അവഗണിക്കരുത്.

അഞ്ച്….

ചർമ്മത്തിലെ മാറ്റങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഒരു മറുകോ പുള്ളിയോ ഉണ്ടെങ്കില്‍ നിറം മാറുകയോ വലുതാകുകയോ ആകൃതി മാറുകയോ ചെയ്താല്‍ അത് മെലനോമയുടെയോ മറ്റ് ചർമ്മ കാൻസറിൻ്റെയോ ലക്ഷണമാകാം.

ആറ്…

മൂത്രമൊഴിക്കുമ്ബോള്‍ വേദന അനുഭവപ്പെടുകയോ മൂത്രത്തില്‍ രക്തം കാണുകയോ ചെയ്താല്‍ അത് മൂത്രാശയത്തിലോ പ്രോസ്റ്റേറ്റ് കാൻസറിൻറേയോ ലക്ഷണമായി വിദഗ്ധർ പറയുന്നു.

ഏഴ്…

മുഴകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം. കാൻസർ രോഗനിർണ്ണയത്തിലും ചികിത്സയിലും ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതും അപകടകാരിയായ മുഴകള്‍ തമ്മിലുള്ള വ്യത്യാസവുമാണ്.
എല്ലാ ട്യൂമറുകളും കാൻസറാകണമെന്നില്ല. എന്നാല്‍ മുഴകള്‍ കണ്ടാല്‍ അതിനെ നിസാരമായി കാണുകയും ചെയ്യരുത്.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.