സംസ്ഥാനത്ത് കൊടും ചൂട്, അസ്വസ്ഥതയുള്ള കാലാവസ്ഥ; ജാഗ്രത,10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കിയൊഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ബുധനാഴ്ച്ച വരെയാണ് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ മാസം 20 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കേണ്ടതാണ്.

* പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.