ജോലി നല്‍കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടി; മൂന്നുപേര്‍ കൂടി പിടിയില്‍

ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച്‌ 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം നെടുംപറമ്ബ് വലിയപറമ്ബില്‍ വീട്ടില്‍ കൈറുന്നീസ (45), മലപ്പുറം കീഴ്മുറി എടക്കണ്ടൻ വീട്ടില്‍ മുഹമ്മദ് അജ്മല്‍ (19), മലപ്പുറം വലിയോറ കാവുങ്കല്‍ വീട്ടില്‍ ഉബൈദ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്ബ് മലപ്പുറം ചെറുവട്ടൂർ സ്വദേശി പുളിക്കുഴിയില്‍ റഫീക്ക് (36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇർഷാദ് (29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നിർദേശാനുസരണം ഡിവൈ.എസ്.പി ഡി.സി.ആർ.ബി കെ.ആർ. ബിജുവിന്‍റെ നേതൃത്വത്തില്‍ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ എം.എ. സിബി, സീനിയർ സി.പി.ഒ മാത്യൂസ്, തോമസ് സി.പി.ഒമാരായ അമല്‍, ജിലു മോള്‍, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.