വെള്ളം കുടിച്ചോളൂ; കരുതലോടെ…
തൊടുപുഴ: കൊടുംചൂടില്‍ ദാഹമകറ്റാൻ കുപ്പിവെള്ളം വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം നടത്തുകയോ വില്‍പന നടത്തുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കർശന നിർദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കുപ്പിവെള്ളം വില്‍പനക്ക് വെച്ചാല്‍ അവ ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ചു പരാതിപ്പെടാമെന്നും അധികൃതർ പറഞ്ഞു.
കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികള്‍ നിർമിക്കുന്നത്.
വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ ജില്ലയില്‍ നടന്നുവരുകയാണെന്നും വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ പറഞ്ഞു.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍:
• കുപ്പിവെള്ളം, സോഡ, മറ്റു ശീതളപാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിന് കൊണ്ടുപോകരുത്.
• കടകളില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതളപാനീയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം. കടകള്‍ക്കു വെളിയില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ തൂക്കിയിടാനോ വെക്കാനോ പാടില്ല.
• കുപ്പിവെള്ളത്തില്‍ ഐ.എസ്.ഐ മുദ്രയുണ്ടോ എന്ന് ഉറപ്പുവരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കണം.
• വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിക്കരുത്.