കൊച്ചി: കാലടി സർവകലാശാല വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന മുൻ വി.സി ഡോ.എം.വി. നാരായണന്റെ അപ്പീല്‍ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. സ്റ്റേ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹരജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകതകളില്ലെന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അപ്പീല്‍ ഹരജി തള്ളിയത്. ചാൻസലറുടെ നടപടി ചോദ്യം ചെയ്യുന്ന ഹരജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. അപ്പീല്‍ ഹരജിയിലെ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് മുമ്ബാകെ ഉന്നയിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സർച്ച് കമ്മിറ്റി നല്കിയ തന്റെ പേര് ചാൻസലർ അംഗീകരിച്ച് നിയമിക്കുകയാണ് ചെയ്തതെന്ന് അപ്പീല്‍ ഹരജിയില്‍ പറയുന്നു. ഈ തീരുമാനത്തില്‍ ഹരജിക്കാരന് പങ്കില്ല. വി.സി ആകാൻ വേണ്ട യോഗ്യതകളില്‍ ആരും തർക്കം ഉന്നയിച്ചിട്ടുമില്ല. വി.സി നിയമനം നടത്തിയ ചാൻസലർക്ക് നിയമനം പിൻവലിക്കാൻ അധികാരമുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി താനടക്കം നല്കിയ ഹരജി സിംഗിള്‍ ബെഞ്ച് മാറ്റിയിരിക്കുകയാണ്.
ഈ വാദങ്ങള്‍ താൻ ഹരജിയില്‍ ഉന്നയിച്ചിട്ടുള്ളതുമാണ്. ഹരജി ഫയലില്‍ സ്വീകരിച്ച് കൂടുതല്‍ വാദത്തിനായി മാറ്റിയ സാഹചര്യത്തില്‍ ചാൻസലറുടെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമായിരുന്നു. എന്നാല്‍, ഇതുണ്ടായിട്ടില്ല. അതിനാല്‍, സ്റ്റേ അനുവദിക്കണമെന്നായിരുന്നു അപ്പീല്‍ ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകും വരെ വി.സി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. ഈ ആവശ്യവും കോടതി പരിഗണിച്ചില്ല.
വ്യാഴാഴ്ചയാണ് സംസ്കൃത വി.സിയുടെ കാര്യത്തില്‍ ചാൻസലറുടെ നടപടിക്ക് സ്റ്റേ അനുവദിക്കാതെ ഹരജി പിന്നീട് വാദം കേള്‍ക്കാൻ സിംഗിള്‍ ബെഞ്ച് മാറ്റിയത്. അതേസമയം, കാലിക്കറ്റ് വി.സിക്കെതിരായ നടപടി സ്റ്റേ ചെയ്യുകയും ഹരജി തീർപ്പാകും വരെ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.