ജാമ്യമില്ല; കെജ്രിവാള്‍ ആറു ദിവസം ഇ.ഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയില്‍ വിട്ടു.പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.

ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയില്‍ വാദം നടന്നത്. കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിങ്‍വിയും വിക്രം ചൗധരിയും രമേഷ് ഗുപ്തയും ഹാജരായി. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‍രിവാള്‍ ആണെന്ന് ഇ.ഡി കോടതിയില്‍ വാദിച്ചു. ഗൂഢാലോചന മുഴുവന്‍ നടത്തിയത് കേജ്‍രിവാളാണ്. സൗത്ത് ഗ്രൂപ്പില്‍നിന്ന് കോഴ ചോദിച്ചുവാങ്ങി. ഈ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ചു. മനീഷ് സിസോദിയയുമായി ചേര്‍ന്നാണ് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയത്. ഇതിന്‍റെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട് -എന്നിങ്ങനെയായിരുന്നു ഇ.ഡിയുടെ വാദങ്ങള്‍.