ആദിവാസി പട്ടയം അട്ടിമറിച്ചു -ഊരുകൂട്ടസമിതി
മുണ്ടക്കയം: ആദിവാസികളുടെ കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നല്‍കുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചതായി ഊരുകൂട്ടസമിതി ആരോപിച്ചു.
നൂറ്റാണ്ടുകളായി ആദിവാസികളുടെ കൈവശത്തിലുള്ളതും വനതിർത്തിയായ ജണ്ടക്ക് വെളിയിലുള്ളതുമായ കൈവശഭൂമിക്ക് നിലവില്‍ യാതൊരുവിധ നിയമതടസ്സവുമില്ലെന്നള ബോധ്യപ്പെട്ട് ഭൂമി നല്‍കുന്നതിന് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്.
റവന്യൂവകുപ്പ്, 1977ല്‍ വനേതര ഭൂമി കൈയേറ്റം ചെയ്തവരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് വേണ്ടിയുള്ള വിവരശേഖരണത്തില്‍ ആദിവാസിമേഖലകളെ ഉള്‍പ്പെടുത്തിയാണ് ആദിവാസി പട്ടയം അട്ടിമറിച്ചത്. നൂറ്റാണ്ടുകളായി കൈവശത്തിലുള്ള ഭൂമി കൈയേറ്റത്തിലൂടെ നേടിയതാണെന്ന് വരുത്തി തീർക്കുന്നതിനും അതിലൂടെ കൈയേറ്റഭൂമി ക്രമീകരിക്കല്‍ ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിനുമുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും ഊരുകൂട്ടസമിതി കുറ്റപ്പെടുത്തി.
ആദിവാസികള്‍ക്ക് അനുവദിച്ച 2020 ഉത്തരവ് പ്രകാരമുള്ള പട്ടയനടപടികള്‍ സ്വീകരിക്കണമെന്നും ഇപ്പോള്‍ റവന്യൂവകുപ്പ് നടപ്പിലാക്കിവരുന്ന വിവരശേഖരണത്തില്‍ നിന്നും ആദിവാസി മേഖലകളെ ഒഴിവാക്കണമെന്നും ഊരുകൂട്ടസമിതി സർക്കാറിനോടും ഇടുക്കി ജില്ല കലക്ടറോടും ആവശ്യപ്പെട്ടു. കുറ്റിപ്ലങ്ങാട് വനിത കമ്യൂണിറ്റി ഹാളില്‍ ചേർന്ന ഊരുകൂട്ടസമിതി യോഗത്തില്‍ ഊരുമൂപ്പൻ കെ.കെ. ധർമിഷ്ടൻ, വാർഡ് മെമ്ബർ യു.സി. വിനോദ്, ഊരുകൂട്ടസമിതി അംഗങ്ങളായ കെ.ബി. സുഗതൻ, പി.ബി. ശ്രീനിവാസൻ, ആദിവാസി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ സംസാരിച്ചു.