വഴിയാത്രക്കാര്‍ക്ക് നോമ്ബുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്

 

കോട്ടക്കല്‍: വർഷങ്ങളായി ദീർഘദൂരയാത്രക്കാർക്ക് നോമ്ബുതുറയൊരുക്കുന്ന എടരിക്കോട് ജുമ മസ്ജിദ് കമ്മിറ്റി മാതൃകയാണ്.

യാത്രക്കാരടക്കം അഞ്ഞൂറോളം പേരാണ് ദിവസവും മസ്ജിദ് മുറ്റത്ത് ഒരുക്കുന്ന നോമ്ബുതുറയില്‍ പങ്കാളികളാകുന്നത്.

ദേശീയപാത കടന്നു പോകുന്ന എടരിക്കോടിന് സമീപമാണ് ജുമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി ആയിരങ്ങള്‍ കടന്നുപോകുന്ന പാതയില്‍ വിശ്വാസികള്‍ക്ക് നോമ്ബുതുറക്കാനുള്ള സൗകര്യമില്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് പഴവർഗങ്ങളും പാനീയങ്ങളുമായി ചെറിയ തോതില്‍ നോമ്ബുതുറ ആരംഭിച്ചത്. വർഷങ്ങള്‍ക്കിപ്പുറം മസ്ജിദ് പുതിക്കിപ്പണിതതോടെ കൂടുതല്‍ വിപുലമാക്കുകയായിരുന്നു കമ്മറ്റി. മസ്ജദ് കവാടത്തോട് ചേർന്ന് വഴിയാത്രക്കാർക്കായി നോമ്ബ് തുറക്കുള്ള സൗകര്യം ഉണ്ടെന്നുള്ള സൂചനയുള്ളതിനാല്‍ നിരവധി പേരാണ് ദിവസവും പള്ളിയിലേക്ക് നോമ്ബ്  തുറക്കാനായി എത്തുന്നത്. മസ്ജിദിന്‍റെ പിറക് വശത്ത് വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും പങ്കാളികളാകാറുണ്ട്.

ദിവസവും അഞ്ഞൂറോളം പേരാണ് നോമ്ബുതുറയില്‍ പങ്കെടുക്കാറുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞൂ. പള്ളി ഇമാം സൈനുല്‍ ആബിദിൻ, ബുഷ്റു തങ്ങള്‍, പന്തക്കൻ ഹംസ ഹാജി, ബീരാൻ കുട്ടി ഹാജി, കാദർ ഹാജി, പന്തക്കൻ ചേക്കുട്ടി, ഹുസൈൻ തങ്ങള്‍, ജാബിർ ജസീം, ഹർഷാദ്, അബ്ബാസ്, ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നോമ്ബുതുറ ഒരുക്കുന്നത്.