സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാൻ സെല്‍ഫി ബൂത്തുകള്‍ റെഡി

കൊച്ചി: സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ…
കാത്തുകാത്തിരുന്ന് ഒടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ ഒരുക്കുന്ന ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാൻ ഒരു സെല്‍ഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച്‌ എത്തിയിരിക്കുന്ന സെല്‍ഫി ബൂത്തിലെത്തി സെല്‍ഫിയെടുക്കാൻ നിരവധി സിനിമാപ്രേമികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പള്ളിയുമാണ് സിനിമയുടെ പ്രചാരണാർത്ഥം സെല്‍ഫി ബൂത്ത് എന്ന ഈ ആശയവുമായി മുന്നോട്ടുവന്നത്. മികച്ച പ്രതികരണമാണ് ഇപ്പോള്‍ സെല്‍ഫി ബൂത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രഖ്യാപന സമയം മുതല്‍ ഏവരും കൗതുകപൂർവ്വം കാത്തിരിക്കുന്ന സിനിമയാണ് ‘സുരേശന്‍റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. അടുത്തിടെ സിനിമയുടെ വേറിട്ട രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്.

ചിത്രത്തിലേതായി ഇറങ്ങിയ ‘ചങ്കുരിച്ചാല്‍…’ എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ ‘നാടാകെ നാടകം കൂടാനായി ഒരുക്കം…’ എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകരിലേവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു ഈ ഗാനങ്ങള്‍. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കല്‍ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകരേവരും ഏറ്റെടുത്ത ഈ പ്രണയ ജോഡി ഈ സിനിമയില്‍ അതേ പേരില്‍ വീണ്ടുമെത്തുന്നു എന്നതൊരു പ്രത്യേകതയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സില്‍വർ ബെ സ്റ്റുഡിയോസ്, സില്‍വർ ബ്രൊമൈഡ് പിക്ചേഴ്സ് എന്നീ ബാനറുകള്‍ ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സുഗുണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഡോണ്‍ വിൻസന്‍റ് ആണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുല്‍ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷൻസ്: സ്നേക്പ്ലാന്‍റ്, പിആർഒ: ആതിര ദില്‍ജിത്ത്