മലയാളി എൻട്രാൻ സുമ്മാവാ..; ആ തെലുങ്ക്, ഹിന്ദി, ഹോളിവുഡ് പടങ്ങളെ മലര്‍ത്തിയടിച്ച് ‘ആടുജീവിതം’
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു വലുതായിട്ട് കുറച്ചുകാലമായി. ഒടിടി റിലീസുകളുടെ കടന്നുവരവോടെയാണ് അതെന്ന് നിസംശയം പറയാനാകും.
ഇതോടെ ഒരു മേഖലയില്‍ മാത്രം കറങ്ങിനടന്ന മലയാള സിനിമ ലോക സിനിമാസ്വാദകർക്ക് മുന്നിലെത്തി. പലരും പുകഴ്ത്തി, പ്രശംസിച്ചു. സമീപകാലത്തെത്തിയ ഭൂരിഭാഗം സിനിമകളും ഇതരഭാഷക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നീ സിനിമകള്‍ക്ക് ശേഷം ആടുജീവിതം ആണ് മറ്റ് ഭാഷക്കാർക്കിടയില്‍ ചർച്ചയാകുന്ന മലയാള സിനിമ. ഈ അവസരത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പുറത്തുവരികയാണ്.
പ്രമുഖ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ വിവരമാണിത്. തമിഴ്, തെലുങ്ക്, ഹോളിവുഡ് സിനിമകളെ പിന്നിലാക്കിയുള്ള കളക്ഷനാണ് മോളിവുഡിന് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
മുകളില്‍ പറഞ്ഞത് പോലെ ടിക്കറ്റ് ബുക്കില്‍ ഒന്നാമതുള്ളത് മലയാള സിനിമയാണ്. പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഇറങ്ങിയ ആടുജീവിതം ആണ് ആ ചിത്രം. 126K ടിക്കറ്റുകളാണ് കഴിഞ്ഞ 24മണിക്കൂറില്‍ വിറ്റിരിക്കുന്നത്. തൊട്ട് താഴെ ഹോളിവുഡ് ചിത്രം ഗോഡ്‌സില്ല എക്സ് കോംഗ് ആണ്. 113K ടിക്കറ്റുകള്‍ വിറ്റാണ് സിനിമ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
കരീന കപൂര്‍ നായികയായി എത്തിയ ക്രൂ(91K), അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ടില്ലു സ്ക്വയർ(76K), ദ ഫാമിലി സ്റ്റാർ(-72K), മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ തെലുങ്ക് വെർഷൻ(35K), സ്വതന്ത്ര വീർ സവർക്കർ(33K), മഞ്ഞുമ്മല്‍ ബോയ്സ് മലയാളം(11K), കുങ് ഫു പാൻഡ(7K), പ്രേമലു(5K) എന്നിവയാണ് മൂന്ന് മുതല്‍ എട്ട് വരെയുള്ള ചിത്രങ്ങള്‍. ഇതില്‍ ശ്രദ്ധേയമായ വിഷയം എന്തെന്നാല്‍ മൂന്ന് മലയാള സിനിമകള്‍ക്ക് 24 മണിക്കൂറില്‍ മികച്ച ബുക്കിംഗ് നടന്നിരിക്കുന്നു എന്നുള്ളതാണ്.