യുവതിയെ കൊന്ന് 200 കഷണങ്ങളാക്കി; അടുക്കളയില്‍ ഒരാഴ്ച സൂക്ഷിച്ച ശരീരാവയവങ്ങള്‍ നദിയില്‍ ഉപേക്ഷിച്ചു; ഒരു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് പിടിയില്‍

ലണ്ടൻ: ബ്രിട്ടനില്‍ 26കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു വർഷത്തിനുശേഷം ഭർത്താവ് പിടിയില്‍. 2023 മാർച്ചിലാണ് നിക്കോളാസ് നെറ്റ്‌സണ്‍ എന്ന 28കാരൻ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്.

യുവതിയെ കുത്തിക്കൊന്ന ശേഷം 200ലേറെ കഷണങ്ങളാക്കി വീടിന്റെ അടുക്കളയില്‍ ഒരാഴ്ചയോളം സൂക്ഷിക്കുകയും പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ശരീരാവയവങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

ഒരു വർഷത്തോളം പൊലീസിന്റെ ചോദ്യംചെയ്യലില്‍ പിടിനല്‍കാതിരുന്ന യുവാവ് ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ വെച്ച്‌ ബ്രാംലിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കുളിമുറിയിലെത്തിച്ച്‌ കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിലാക്കി. ശേഷം അടുക്കളയില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ലാർഡറില്‍ ഒളിപ്പിച്ചുവെച്ചു. ഒരാഴ്ചക്കുശേഷം സുഹൃത്തിന്റെ സഹായത്തോടെ ശരീരഭാഗങ്ങള്‍ സമീപത്തെ ദിയില്‍ തള്ളുകയായിരുന്നു.

നദിയിലൂടെ ഒഴുകുന്ന പ്ലാസ്റ്റിക് ബാഗുകള്‍ തൊട്ടടുത്ത ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. ബാഗ് തുറന്ന് പരിശോധിച്ചതോടെ കൈയും യുവതിയുടെ തലയും കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി. ആകെ 224 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ നെറ്റ്‌സണിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും ഒരിക്കല്‍പോലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതിനിടെ നെറ്റ്‌സണെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തുവന്നിരുന്നു.

ഒന്നര വർഷം മുമ്ബാണ് ബ്രാംലിയും നെറ്റ്‌സണും തമ്മിലുള്ള വിവാഹം നടന്നത്. മാസങ്ങളായി മകളെ കാണാൻ തങ്ങളെ അനുവദിക്കുകയോ വീട്ടിലേക്ക് വിടുകയോ ചെയ്തിരുന്നില്ലെന്ന് ബ്രാംലിയുടെ മാതാവ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതി നെറ്റ്‌സണിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.