വെളുക്കാൻ തേച്ചത് പാണ്ടായോ? കച്ചവടം കൂട്ടാനുള്ള കേന്ദ്രനയത്തിന് പിന്നാലെ ഈ ജനപ്രിയ സ്‍കൂട്ടറിന് വില കൂടി!

ഫെയിം II സബ്‌സിഡി അവസാനിച്ചതോടെ ടിവിഎസ് മോട്ടോർ കമ്ബനി അതിൻ്റെ ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ വില പുന:ക്രമീകരിച്ചതായി റിപ്പോർട്ട്.
ഈ വർഷം ജൂലൈ വരെ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‍കീം (EMPS) 2024 അവതരിപ്പിച്ചതിനാല്‍ പുതുക്കിയ വിലകളില്‍ നേരിയ വർദ്ധനവ് കാണിക്കുന്നു. പ്രോത്സാഹനങ്ങള്‍ നല്‍കിക്കൊണ്ട് ഇലക്‌ട്രിക് വാഹന വില്‍പ്പന കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ ഇതുവരെ നല്‍കി വന്നിരുന്ന ഫെയിം II സബ്‌സിഡി കാലാവധി അവസനിച്ചതിനാലാണ് സ്‍കൂട്ടറിന് വില വർധിപ്പിക്കേണ്ടി വന്നതെന്നാണ് കമ്ബനി പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച്‌ ഐക്യൂബിന്റെ ഏറ്റവും പുതിയ വില കമ്ബനി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ഈ വർഷം ജൂലൈ വരെ നടപ്പിലാക്കുന്ന പുതിയ 2024 ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‍കീം (EMPS) പ്രകാരം ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങണമെങ്കില്‍ ഇനി അധികം മുടക്കേണ്ടി വരും.

പുതിയ ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‍കീം 2024 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ചെറിയ പ്രോത്സാഹനം നല്‍കുന്നത് തുടരുമെങ്കിലും ഇവി വാങ്ങാൻ എത്തുന്നവർക്ക് അധിക തുക മുടക്കേണ്ടി വരും എന്നതാണ് ശ്രദ്ധേയം. ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 146,628 രൂപ മുതലാണ് വില. അതേസമയം ഐക്യൂബ് S മോഡലിന് 156,420 രൂപയും എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‍കീം പ്രകാരം ഇലക്‌ട്രിക്ക് സ്‌കൂട്ടറിന് 10,000 രൂപ ഇഎംപിഎസ് സബ്‌സിഡി ലഭിക്കും. അതായത് എക്‌സ്ഷോറൂം വില ഇപ്പോള്‍ സ്റ്റാൻഡേർഡിന് രൂപയും S വേരിയൻ്റുകള്‍ക്ക് 146,420 രൂപയുമാണ് നല്‍കേണ്ടി വരിക. എന്നാല്‍ പെട്ടന്നുള്ള വർധനവ് വില്‍പ്പനയെ ബാധിക്കുമെന്നതിനാല്‍ ടിവിഎസ് ചിലവ് ഏറ്റെടുക്കുകയും രണ്ട് വേരിയന്റുകളിലും എക്‌സ്ഷോറൂം വില യഥാക്രമം 8,925 രൂപ, 5,670 രൂപ എന്നിങ്ങനെയായി കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മികച്ച രൂപകല്‍പ്പനയും ആകർഷകമായ പ്രകടനവും കാരണം കുടുംബങ്ങള്‍ക്കിടയില്‍ അതിൻ്റെ ജനപ്രീതിക്ക് പേരുകേട്ടതാണ് ടിവിഎസ് ഐക്യൂബ്. ഇതിന്‍റെ സ്റ്റാൻഡേർഡ്, S മോഡലുകള്‍ 3.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് സിംഗിള്‍ ചാർജില്‍ 100 കിലോമീറ്റർ റേഞ്ചാണ് നല്‍കുന്നത്. കമ്ബനി സ്വയം വികസിപ്പിച്ച ബാറ്ററി മാനേജ്മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. അതേസമയം 4.4 kW (6 bhp) BLDC ഹബ് മോട്ടോർ 140 Nm പീക്ക് ടോർക്ക് സൃഷ്‍ടിക്കുന്നു.

പ്രകടനത്തിൻ്റെ കാര്യത്തില്‍, ഐക്യൂബിന് മണിക്കൂറില്‍ 78 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. STD വേരിയൻ്റില്‍ കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള 5 ഇഞ്ച് ടിഎഫ്‍ടി സ്‌ക്രീൻ പോലുള്ള ആധുനിക സവിശേഷതകളോടെയാണ് ഇത് വരുന്നത്. ഐക്യൂബ് എസ് വേരിയൻ്റില്‍ നിയന്ത്രണങ്ങള്‍ക്കായി 5-വേ ജോയിസ്റ്റിക് ഉള്ള വലിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്.

അതേസമയം ടിവിഎസ് ഐക്യൂബിൻ്റെ ഈ വില പരിഷ്‌കരണത്തെത്തുടർന്ന്, വിപണിയിലുള്ള മറ്റ് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളിലും സമാനമായ ക്രമീകരണങ്ങള്‍ വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബജാജ് ചേതക്, ഒല എസ്1 പ്രോ, ഹീറോ വിഡ വി1, ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്‌മെൻ്റില്‍ വരാനിരിക്കുന്ന ആതർ റിസ്‌റ്റ തുടങ്ങിയ ശ്രദ്ധേയ മോഡലുകളോടാണ് ടിവിഎസ് ഐക്യൂബ് മത്സരിക്കുന്നത്.