ഹോ, ഈ യാത്രികരുടെ ഒരു ഭാഗ്യമേ! ഒറ്റയടിക്ക് 22 മെട്രോ സ്റ്റേഷനുകള്‍, ആറാടാൻ നമോ ഭാരതുകളും!
ദില്ലി എൻസിആറില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. നമോ ഭാരതിനെയും മെട്രോയെയും ബന്ധിപ്പിക്കുന്നതിനായി നോയിഡ ഇൻ്റർനാഷണല്‍ എയർപോർട്ട് ജെവാർ മുതല്‍ ഗാസിയാബാദ് വരെ 22 സ്റ്റേഷനുകള്‍ നിർമ്മിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഭാവിയില്‍ ഇത് 35 സ്റ്റേഷനുകളായി ഉയർത്തും. നേരത്തെ 25 സ്റ്റേഷനുകള്‍ നിർമിക്കാൻ ഒരുക്കങ്ങളുണ്ടായിരുന്നു. നാഷണല്‍ ക്യാപിറ്റല്‍ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) പദ്ധതിയുടെ വിശദമായ പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കി യമുന അതോറിറ്റിക്ക് സമർപ്പിച്ചു. വിമാനത്താവളം മുതല്‍ ഗാസിയാബാദ് വരെ 72.2 കിലോമീറ്റർ എലിവേറ്റഡ് ട്രാക്ക് നിർമിക്കും. മെട്രോയും നമോ ഭാരതും ഒരേ ട്രാക്കില്‍ ഓടും.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മികച്ച കണക്റ്റിവിറ്റിക്കായി, ഗാസിയാബാദിലെ സിദ്ധാർത്ഥനഗറില്‍ നിന്ന് ഗ്രെനോ വെസ്റ്റ്, ആല്‍ഫ-1, ജെവാർ എയർപോർട്ട് വഴിയുള്ള നമോ ഭാരത് (ദ്രുത റെയില്‍) റൂട്ടിനായി ഡിപിആർ തയ്യാറാക്കിയതായി യമുന അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിയുടെ ഡിപിആറും സാധ്യതാ റിപ്പോർട്ടും 4.58 കോടി രൂപ ചെലവഴിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ജെവാർ എയർപോർട്ടില്‍ നിന്ന് ഇന്ദിരാഗാന്ധി ഇൻ്റർനാഷണല്‍ എയർപോർട്ടിലേക്കും യമുന സിറ്റിയില്‍ നിർമിക്കുന്ന ഫിലിം സിറ്റിയിലേക്കും നേരിട്ട് കണക്റ്റിവിറ്റി ഉണ്ടായിരിക്കും എന്നതാണ് പ്രധാനം. ഗാസിയാബാദില്‍ നിന്ന് ഗ്രേറ്റർ നോയിഡ വെസ്റ്റ്, ആല്‍ഫ-1 വരെയും യിഡ സിറ്റിയില്‍ നിന്ന് ജെവാർ എയർപോർട്ട് വരെയും അതിവേഗ റെയില്‍ പാതയാണ് ഇപ്പോള്‍ അന്തിമമാക്കിയത്. നമോ ഭാരതിനും മെട്രോയ്ക്കും ആറ് ബോഗികളുണ്ടാകും. ഗാസിയാബാദ് ആർആർടിസിയില്‍ നിന്ന് ഗ്രേറ്റർ നോയിഡ വെസ്റ്റ് വഴി ജെവാർ വിമാനത്താവളത്തിലേക്ക് ഓടുന്ന നമോ ഭാരതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ 2031 ല്‍ പൂർത്തിയാക്കാനുള്ള ലക്ഷ്യം വെച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 18 സ്റ്റേഷനുകള്‍ നിർമിക്കും
ആദ്യഘട്ടത്തില്‍ ഗാസിയാബാദിലെ സിദ്ധാർഥ് വിഹാർ മുതല്‍ ഗ്രേറ്റർ നോയിഡ ഇക്കോടെക്-6 വരെ 39.39 കിലോമീറ്റർ ട്രാക്കാണ് ഒരുക്കുന്നത്. ഈ ട്രാക്കില്‍ 18 സ്റ്റേഷനുകള്‍ നിർമ്മിക്കും, അതില്‍ ഏഴെണ്ണം നമോ ഭാരതിൻ്റെയും 11 മെട്രോയുടെയും ആയിരിക്കും. ഈ റൂട്ട് ഗാസിയാബാദ് RRTS സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇത് വിശ്വകർമ റോഡ് (സിദ്ധാർത്ഥ് വിഹാർ/പ്രതാപ് വിഹാർ), താജ് ഹൈവേ, ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ചാർ മൂർത്തി ചൗക്ക്, ഗ്രേറ്റർ നോയിഡ ലിങ്ക് റോഡ്, നോളജ് പാർക്ക്-5, പാരി ചൗക്കില്‍ നിന്ന് സൂരജ്പൂർ കസ്‌നയിലേക്ക് എടുത്ത് ഇക്കോടെക്-6-ല്‍ അവസാനിക്കും. .
എലിവേറ്റഡ് ട്രാക്ക് നിർമിക്കും
നോയിഡ വിമാനത്താവളം മുതല്‍ ഗാസിയാബാദ് വരെ 72.2 കിലോമീറ്റർ എലിവേറ്റഡ് ട്രാക്ക് നിർമിക്കും. മെട്രോയും നമോ ഭാരതും ഒരേ ട്രാക്കില്‍ ഓടും. മണിക്കൂറില്‍ 80 കിലോമീറ്റർ മുതല്‍ 114 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും നമോ ഭാരത് ട്രെയിൻ ഓടുക. മണിക്കൂറില്‍ 46 കിലോമീറ്ററായിരിക്കും മെട്രോയുടെ വേഗം. 2031 ആകുമ്ബോഴേക്കും ഈ റൂട്ടില്‍ 3.09 ലക്ഷം യാത്രക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേട്ടം ഈ യാത്രികർക്ക്
പദ്ധതി യാഥാർഥ്യമായാല്‍ നോയിഡ എയർപോർട്ട് മാത്രമല്ല ഗ്രേറ്റർ നോയിഡ വെസ്റ്റ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ താമസക്കാർക്കും ഏറെ പ്രയോജനം ലഭിക്കും. ഗ്രേറ്റർ നോയിഡ വെസ്റ്റിൻ്റെ ജീവനാഡിയാണ് ഈ പദ്ധതി. യഥാർത്ഥത്തില്‍, ഗ്രെനോ വെസ്റ്റില്‍ നിന്നും ഗ്രേറ്റർ നോയിഡയില്‍ നിന്നും ഗാസിയാബാദിലെത്തുക എളുപ്പമല്ല. ഗ്രെനോ വെസ്റ്റിലെ ഗതാഗതക്കുരുക്കില്‍ ആളുകള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്താവളത്തിലേക്ക് കണക്റ്റിവിറ്റി
യമുന സിറ്റിയിലെ സെക്ടർ-21-ല്‍ ജെവാർ എയർപോർട്ടുമായി വികസിപ്പിച്ച ഫിലിം സിറ്റിയുടെ നേരിട്ടുള്ള കണക്റ്റിവിറ്റിയുടെ രൂപരേഖയും എൻസിആർടിസി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ഫിലിം സിറ്റി മുതല്‍ ജെവാർ എയർപോർട്ട് വരെ എല്‍ആർടി നടത്തും. ഇതിനായി 14.6 കിലോമീറ്റർ പ്രത്യേക ട്രാക്ക് ഒരുക്കും. അതേ സമയം ഇന്ദിരാഗാന്ധി വിമാനത്താവളം മുതല്‍ ജെവാർ എയർപോർട്ട് വരെ നമോ ഭാരതും നടത്തും.
രണ്ടാം ഘട്ടത്തില്‍ നാല് നമോ ഭാരത് സ്റ്റേഷനുകള്‍
രണ്ടാം ഘട്ടത്തില്‍, ഇക്കോടെക്-6 മുതല്‍ ജെവാർ എയർപോർട്ട് വരെ നാല് സ്റ്റേഷനുകള്‍ നിർമ്മിക്കും. ഇവ നാലും നമോ ഭാരതിൻ്റെ സ്റ്റേഷനുകളായിരിക്കും. ഈ ട്രാക്കിൻ്റെ നീളം 32.90 കിലോമീറ്ററായിരിക്കും. ഈ റൂട്ട് ഇക്കോടെക് 6-ല്‍ നിന്ന് ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്‌പ്രസ് വേ കടന്ന് ദങ്കൗർ, കനാർസി, ധനൗരി ഖുർദ്, ഭട്ട പരസോള്‍, ദയനാഥ്‌പൂർ, കിഷോർപൂർ വഴി ജെവാർ വിമാനത്താവളത്തിലെത്തും. ഈ റൂട്ടിലെ നാല് സ്റ്റേഷനുകളും നമോ ഭാരത് ആയിരിക്കും. 2031-ഓടെ 74,000 യാത്രക്കാർക്ക് ഈ റൂട്ടില്‍ പ്രതിദിനം സഞ്ചരിക്കാൻ സാധിക്കും.
ഇതാ നമോ ഭാരത് ട്രെയിനിൻ്റെ സ്റ്റേഷനുകള്‍
ഗാസിയാബാദ് സൗത്ത്
ഗ്രേറ്റർ നോയിഡ വെസ്റ്റ് സെക്ടർ-4
ഗ്രേറ്റർ നോയിഡ വെസ്റ്റ് സെക്ടർ-2
ഗ്രേറ്റർ നോയിഡ വെസ്റ്റ് സെക്ടർ-12
മലക്പൂർ
ആല്‍ഫ
ഇക്കോടെക്
ദങ്കൗർ
യെഇഐഡിഎ സെക്ടർ-18
യെഇഐഡിഎ സെക്ടർ-12
ജെവാർ എയർപോർട്ട്
സിദ്ധാർത്ഥ് വിഹാർ മുതല്‍ ഇക്കോടെക്-1E വരെയുള്ള 11 മെട്രോ സ്റ്റേഷനുകള്‍
സിദ്ധാർത്ഥ് വിഹാർ (ഗാസിയാബാദ്)
ഗ്രേറ്റർ നോയിഡ വെസ്റ്റ് സെക്ടർ-16 സി
ഇക്കോടെക്-12
ഗ്രേറ്റർ നോയിഡ വെസ്റ്റ് സെക്ടർ-3
ഗ്രേറ്റർ നോയിഡ വെസ്റ്റ് സെക്ടർ-10
നോളജ് പാർക്ക്-5
പോലീസ് ലൈൻ സൂരജ്പൂർ
ഇക്കോടെക്-2
നോളജ് പാർക്ക്-3
ഒമേഗ-2
ഇക്കോടെക്-1ഇ