സ്ട്രെച്ച് മാര്‍ക്കുകള്‍ മാറാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികള്‍
പ്രസവം കഴിഞ്ഞ മിക്കവാറും അമ്മമാരുടെ പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകള്‍. ഗർഭാവസ്ഥയുടെ നാളുകളിലൂടെ കടന്നു പോകുന്ന 90% ശതമാനം സ്ത്രീകളിലും സ്ട്രെച്ച് മാർക്കുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.സ്ട്രെച്ച് മാർക്കുകള്‍ മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാം ചില മാർഗങ്ങള്‍…
ഒന്ന്…
സ്ട്രെച്ച് മാർക്കുകള്‍ മാറാൻ മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. വിറ്റാമിനുകള്‍, എൻസൈമുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നു തുടങ്ങി നിരവധി ഘടകങ്ങള്‍ കറ്റാർവാഴയിലുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണകരമാണ്.
രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിള്‍ സ്പൂണ്‍ കോഫി പൗഡറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളില്‍ കുറച്ച് സമയം പുരട്ടി മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
രണ്ട്…
സ്ട്രെച്ച് മാർക്കുകള്‍ മാറാൻ മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ അമിനോ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തില്‍ പുരട്ടുന്നത് വഴി ചർമ്മത്തിന്റെ ഇലാസ്തികത കൂടുതല്‍ മെച്ചപ്പെടുത്താൻ കഴിയും. ചർമ്മത്തില്‍ അടിഞ്ഞുകൂടുന്ന മൃത കോശങ്ങളെ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
മൂന്ന്…
ബേക്കിംഗ് സോഡ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും സ്ട്രെച്ച് മാർക്കുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. അതേസമയം നാരങ്ങയില്‍ ചർമ്മത്തിന് തിളക്കം നല്‍കുന്ന ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർന്ന മിശ്രിതം സ്ട്രെച്ച് മാർക്കുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.