പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: ഹൈകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കുമ്ബള: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി.കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയില്‍ നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. സംഭവത്തില്‍ സർക്കാർ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി നിർദേശിച്ചു.
അംഗടി മുഗള്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കുമ്ബള പേരാല്‍ കണ്ണൂരിലെ ഫർഹാസാണ് (17) കഴിഞ്ഞ ആഗസ്റ്റ് 25ന് അപകടത്തില്‍ മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കാറുമായി എത്തിയിരുന്നു. സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്ബള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തുകയും വിദ്യാർത്ഥികളെ കണ്ടപ്പോള്‍ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തു. തുടർന്ന് ഭയന്ന വിദ്യാർഥികള്‍ കാറെടുത്ത് പോവുകയായിരുന്നു. പിന്നാലെ ചേസ് ചെയ്തു പൊലീസ് വാഹനവും പിന്തുടർന്നു. ഇതോടെ വെപ്രാളത്തില്‍ ഓടിച്ച വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറുടെ സമീപം മുൻ സീറ്റിലുണ്ടായിരുന്ന ഫർഹാസിന് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഗസ്റ്റ് 29ന് മരണപ്പെട്ടു.
മാതാവ് നല്‍കിയ പരാതിയില്‍ കഴിഞ്ഞമാസം കോടതി നേരിട്ട് എസ്.ഐക്കും രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മൂന്ന് ദൃക്സാക്ഷികളില്‍ നിന്ന് മൊഴിയും എടുത്തിരുന്നു.