സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ വില്ലൻ
മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം മൂലം കൗമാരക്കാരന്‍റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം.ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ. സാഹിര്‍ അല്‍ ഖാറുസിയാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലിന്‍റെ ടോക്ക് ഷോയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പതിനേഴുകാരനെയാണ് വാരിയെല്ല് പൊട്ടിയ നിലയില്‍ പ്രാദേശിക ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. ശീതള പാനീയത്തിന്‍റെ അമിത ഉപയോഗം മൂലം സംഭവിച്ചതാണ് ഇതെന്ന് ഡോക്ടര്‍ പറഞ്ഞു. ദിവസവും ഈ പതിനേഴുകാരന്‍ 12 ക്യാന്‍ ശീതള പാനീയം കുടിക്കുമായിരുന്നു. ഒരു ദിവസം ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോഴാണ് വാരിയെല്ലിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു.
ജനപ്രിയ ശീതളപാനീയത്തില്‍ കണ്ടെത്തിയ ഇഡിടിഎ (എഥിലിനേഡിയമിനെട്രാസെറ്റിക് ആസിഡ്) എന്ന അപകടകരമായ പദാര്‍ത്ഥം മൂലമാണിതെന്ന് ഡോ. ഖറൂസി പറഞ്ഞു. ബോയിലറുകളിലെ ഉപ്പ് ഇല്ലാതാക്കാനാണ് ഇഡിടിഎ സാധാരണയായി ഉപയോഗിക്കുന്നത്. അമിതമായ അളവില്‍ ഇത് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഡോക്ടര്‍ വിശദമാക്കി.