Fincat

അപ്പു ചേട്ടന്റെ കോപ്പിയല്ല, അത് നാച്യുറല്‍ ആണ്: കമന്റുകള്‍ക്ക് മറുപടിയുമായി സുചിത്ര മോഹൻലാല്‍

വിനീത് ശ്രീനിവാസന്റെ ഒരു സിനിമ വരുന്നുവെന്ന് അറിയുമ്ബോള്‍ തന്നെ മിനിമം ഗ്യാരന്റി ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് ആ സിനിമകള്‍ക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്.ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് ഉറപ്പിക്കുകയാണ് വർഷങ്ങള്‍ക്കു ശേഷം എന്ന സിനിമ. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ തന്നെ ബോക്സ് ഓഫീസില്‍ അടക്കം മിന്നും പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്.

പ്രണവ്, ധ്യാൻ, നിവിൻ പോളി എന്നിവരാണ് വർഷങ്ങള്‍ക്കു ശേഷത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ റിലീസിന് മുന്നോടിയായി എത്തിയ പല പ്രമോഷൻ മെറ്റീരിയലുകളിലും പ്രണവ്, മോഹൻലാലിനെ അനുകരിക്കുന്നു എന്ന തരത്തില്‍ വിമർശന കമന്റുകള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര. മൂവി വേള്‍ഡിന് നല്‍കിയ ഇന്റർവ്യൂവില്‍ ആയിരുന്നു അവരുടെ പ്രതികരണം.

“ഡബ്ബിംഗ് വേളയില്‍ ലാല്‍ അങ്കിളിന്റെ മാനറിസങ്ങള്‍ അപ്പുവിന് ഉണ്ടെന്ന് വിനീത് പറഞ്ഞിരുന്നു. ഞാൻ ചെന്ന് കണ്ടപ്പോഴും അങ്ങനെ തന്നെ എനിക്കും തോന്നി. ഇതൊക്കെ നാച്യുറല്‍ ആയിട്ട് വരുന്നതാണ്. അപ്പു ചേട്ടനെ കോപ്പി ചെയ്യുന്നു എന്ന തരത്തിലുള്ള കമന്റുകളും മറ്റും ഞാൻ കണ്ടിരുന്നു. അവന്റെ അച്ഛന്റെ ചില മാനറിസങ്ങള്‍ വരുന്നത് നാച്യുറല്‍ ആണ്. എന്റെ പിള്ളേര് ചേട്ടന്റെ കുറേ സിനിമകള്‍ കണ്ടിട്ടില്ല. ചിലതൊക്കെ കണ്ടിട്ടുണ്ട്. അയാള്‍ കഥയെഴുതുകയാണൊന്നും കണ്ടിട്ടില്ല. ചില മാനറിസങ്ങള്‍ അവനെ കൊണ്ട് ചെയ്യിച്ചുവെന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ മനഃപൂർവ്വം. പക്ഷേ അതല്ലാതെ കുറേ കാര്യങ്ങളുണ്ട്. അപ്പു തന്നെ അത് അറിയുന്നില്ല. നമുക്കാണ് അത് മനസിലാകുന്നത്. ഇത് ചേട്ടനെ പോലെ ഉണ്ടല്ലോ എന്ന്. അവൻ അറിയുന്നേ ഇല്ല”, എന്നാണ് സുചിത്ര പറയുന്നത്.