ഗൂഗിള്‍ പേ ചെയ്തു, പക്ഷേ അനൗണ്‍സ്മെന്റ് കേട്ടില്ല; പെട്രോള്‍ പമ്ബില്‍ തര്‍ക്കം, സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

കോട്ടയം: ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്മെന്റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.കോട്ടയം തലയോലപ്പറമ്ബിലെ പെട്രോള്‍ പമ്ബില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോള്‍ അടിക്കാനെത്തിയ യുവാക്കളാണ് പ്രശ്നം ഉണ്ടാക്കിയത്. പെട്രോള്‍ അടിച്ച ശേഷം യുവാക്കള്‍ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ ഗൂഗിള്‍ പേയിലെ അനൗണ്‍സ്മെൻറ് ശബ്ദം കേട്ടതുമില്ല.

ഇക്കാര്യം പറഞ്ഞ് ജീവനക്കാരും യുവാക്കളും തമ്മില്‍ വാക്ക് തർക്കമായി. ഇതിനിടെ പമ്ബ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കള്‍ ക്രൂരമായി മർദ്ദിച്ചു . ഈ മർദ്ദനത്തെ പറ്റി ചോദിക്കാൻ ചെന്ന നാട്ടുകാരനായ വി.പി. ഷായെയാണ് യുവാക്കള്‍ സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ച്‌ കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവില്‍ എട്ടു തുന്നലുകളുണ്ട്. അക്രമം നടത്തിയത് തലയോലപ്പറമ്ബ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് തലയോലപ്പറമ്ബ് പൊലീസ് അറിയിച്ചു.