സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി
കല്‍പറ്റ: സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നല്‍കി.വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.
സംഭവത്തില്‍ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അതിനെ തുടർന്നായിരുന്നു നടപടി. ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി, റേഞ്ച് ഓഫീസർ കെ നീതു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
വനംവകുപ്പ് എടുത്ത കേസില്‍ നിലവില്‍ ഒമ്ബത് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോണ്‍സണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോണ്‍സന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ.
സംഭവത്തില്‍ സസ്പെൻഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും അഞ്ച് വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.
വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ 102 മരങ്ങള്‍ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങള്‍ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.