‘എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ല’; അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി

സുല്‍ത്താൻ ബത്തേരി: വയനാട് സുല്‍ത്താൻ ബത്തേരിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച്‌ കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്.സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

പിക്ക് അപ്പ് ജീപ്പില്‍ കുറെ കിറ്റുകള്‍ കയറ്റിയ നിലയിലും കുറെയെറെ കിറ്റുകള്‍ കൂട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ കിറ്റുകള്‍ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്നും ആര്‍ക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.